അയര്‍ലന്‍ഡ് മള്‍ട്ടി കള്‍ച്ചറല്‍ ഡേ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെണ്ടമേളവും നൃത്തവും അവതരിപ്പിക്കും
Saturday, November 21, 2015 6:14 AM IST
ഡബ്ളിന്‍: സൌത്ത് ഡബ്ളിന്‍ കൌണ്ടി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സോഷ്യല്‍ ഇന്‍ക്ളൂഷന്‍ മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരതത്തെ പ്രതിനിധീകരിക്കും. 25-ലേറെ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും.

ബിജു വൈക്കത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തില്‍ ഡബ്ളിനിലെ അനുഗ്രഹീത കലാകാരന്‍ ഫാ. ജോസഫ് വെള്ളനാലും ചെണ്ടയില്‍ താളപ്പെരുക്കം തീര്‍ക്കും. ഷൈബു കൊച്ചിന്‍, റോയി പേരയില്‍, ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ജയന്‍ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയി കുടിയിരിക്കില്‍, ബെന്നി ജോസ് എന്നിവരും ചെണ്ടമേളം ടീമിലുണ്ട്. ഇതാദ്യമായാണ് കൌണ്‍സില്‍ നടത്തുന്ന പരിപാടിയില്‍ ചെണ്ടമേളം സ്ഥാനംപിടിക്കുന്നത്. മുണ്ടും ജുബയും ധരിച്ചാണു മേളക്കാര്‍ താലാ സിവിക് തിയേറ്ററിലെ വേദിയിലെത്തുന്നത്. നവംബര്‍ 22-നു ഞായറാഴ്ച രാത്രി എട്ടിനാണ് പരിപാടി.

നൃത്താധ്യാപകന്‍ ഹണി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 13 അംഗങ്ങളാണ് ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചിപ്പുടി തുടങ്ങിയവ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന ഡാന്‍സ് ഭാരതത്തിന്റെ പൌരാണികതയും, പ്രൌഢിയും വിളിച്ചോതുന്നതാണ്.

ഹണി ജോര്‍ജ്, ആന്‍ജലാ മേരി ജോസ്, ബ്രോണ പെരേപ്പാടന്‍, ആഷ്ലി ബിജു, റോസ് മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്യന്‍, ഹേമിയ ഹണി, ഹേമലിന്‍ സാജു, ആന്‍മേരി ജോയി, അലീഷാ ചാക്കോ, ലാമിയ ഹണി, നോലിന്‍ സാജു എന്നിവരാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ദീപു ശ്രീധര്‍