റിയാദില്‍ തട്ടകം നാടകവേദിയുടെ നാടകം നുകം ഡിസംബര്‍ നാലിന്
Friday, November 20, 2015 10:22 AM IST
റിയാദ്: പ്രഫഷണല്‍ നാടകക്കളരിയായ തട്ടകത്തിന്റെ ഏറ്റവും പുതിയ നാടകമായ 'നുകം' സണ്‍സിറ്റീസ് പോളിക്ളിനിക്കിന്റെ സഹകരണത്തോടെ ഡിസംബര്‍ നാലിനു റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്ര നാടകം ജയന്‍ തിരുമനയുടെ സംവിധാനത്തില്‍ റിയാദില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച് ജനപ്രീതി പിടിച്ചു പറ്റിയ 'തട്ടകം' ഇത്തവണ ഏറെ സാമൂഹ്യ പ്രസക്തിയുള്ള നാടകമാണ് അരങ്ങിലെത്തിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

നുകം നാടകത്തിന്റെ രചന സുരേഷ് ബാബു ശ്രീസ്ഥയും സംവിധാനം പ്രശസ്ത നാടക സംവിധായകന്‍ മനോജ് നാരായണനുമാണ് നിര്‍വഹിക്കുന്നത്. മനോജ് രചനയും സംവിധാനവും നിര്‍വഹിച്ച് അമ്പതോളം വിദ്യാര്‍ഥികള്‍ അഭിനയിക്കുന്ന 'മലയാളം കാണാന്‍ വായോ' എന്ന നാടകവും അന്നേ ദിവസം അരങ്ങേറും.

കെപിഎസി അടക്കമുള്ള പ്രഫഷണല്‍ നാടക സംഘങ്ങള്‍ക്ക് നാടകം അണിയിച്ചൊരുക്കുന്ന സുരേഷ് ബാബുവും മനോജ് നാരായണനും തുടര്‍ച്ചയായി സംസ്ഥാന സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങള്‍ നേടിയവരാണ്. ഇവരോടൊപ്പം തട്ടകത്തിന്റെ നാടകത്തില്‍ പങ്കെടുക്കുന്നതിനായി പ്രമുഖ പ്രകാശനിയന്ത്രണ രംഗത്തെ പ്രതിഭ കാശീനാഥനും റിയാദിലെത്തുന്നുണ്ട്. ബഷീര്‍ ചേറ്റുവ, ബാബു അമ്പാടി എന്നിവരുടെ മേല്‍നോട്ടത്തില്‍ നാടക റിഹേഴ്സല്‍ പുരോഗമിക്കുന്നതായും ഇതിനകം റിയാദിലെത്തിയ മനോജ് നാരായണന്‍ റിഹേഴ്സല്‍ ക്യാമ്പില്‍ നാടകത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതായും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മനോജ് നാരാണയന്‍, എം.ഫൈസല്‍, പ്രമോദ് കോഴിക്കോട്, അനീഷ് ചിറക്കല്‍, സന്തോഷ് തലമുകില്‍, ഇസ്മായില്‍ കണ്ണൂര്‍, അലക്സ് കൊട്ടാരക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍