കോണ്‍ഗ്രസ് എംപി ഇന്ത്യാന യൂണിവേഴ്സിറ്റി പോളിംഗ് ചെയര്‍
Friday, November 20, 2015 8:35 AM IST
ഇന്ത്യാന (യുഎസ്എ): ഇന്ത്യാന യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ഥിയും ഹരിയാനയില്‍നിന്നുള്ള സിറ്റിംഗ് കോണ്‍ഗ്രസ് എംപിയുമായ ദീപേരൂര്‍ ഹുഡയെ ഇന്ത്യാന യൂണിവേഴ്സിറ്റി കെല്ലി സ്കൂള്‍ ഓഫ് ബിസിനസ് പോളിംഗ് ചെയറായി നിയമിച്ചതായി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങളേയും ഗവണ്‍മെന്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണാടിയായിട്ടാണ് പോളിംഗ് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക വളര്‍ച്ച, പബ്ളിക് പോളിസി എന്നീ വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുക എന്നതും പോളിംഗ് ചെയറിന്റെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു.

കെല്ലി സ്കൂളില്‍നിന്നും എംബിഎ പാസായ ദീപേന്ദര്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട ഏറ്റവും പ്രായം കുറഞ്ഞ എംപി ആയിരുന്നു. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും ദീപേന്ദര്‍ തുടര്‍ച്ചയായ മൂന്നാം വിജയം ആഘോഷിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍