ബംഗളൂരു കേരളോത്സവം: ഒരുക്കം ആരംഭിച്ചു
Friday, November 20, 2015 8:21 AM IST
ബംഗളൂരു: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ത്തോടനു ബന്ധിച്ച് രാജ്യത്തെ ഒന്‍പതു കേന്ദ്രങ്ങളില്‍ കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'കേരളോത്സവം' ബംഗളൂരുവില്‍ 27,28,29 തീയതികളില്‍ മാറത്തഹള്ളി ഇസോണ്‍ ക്ളബിനു സമീപമുള്ള ഗ്രൌണ്ടില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി മലയാളി സംഘടനാ പ്രതിനിധികളുടെയും കലാകാരന്‍മാരുടെയും യോഗം ഇന്ദിരാനഗര്‍ ഈസ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. അന്‍പതിലധികം പ്രതിനിധികള്‍ പങ്കെടുത്ത യോഗം മുന്‍ കോര്‍പറേറ്റര്‍ എ.ബി. ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ദക്ഷിണ മേഖല കോ-ഓര്‍ഡിനേറ്റര്‍ റജികുമാര്‍ അധ്യക്ഷത വഹിച്ചു. കലാശ്രീ പുരസ്കാര ജേതാവും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി, എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി എന്നിവര്‍ മുഖ്യാതിഥികളായി. പരിപാടികളുടെ വിജയത്തിനായി 101 അംഗ കമ്മിറ്റിക്കു രൂപം നല്‍കി. ടൂറിസം പ്രചാരണത്തോടൊപ്പം കേരളപ്പഴമയെ മറുനാടന്‍ മലയാളികളിലെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും കേരളോത്സവത്തിനുണ്ട്.

നവംബര്‍ 27, 28, 29 തീയതികളില്‍ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും കേരളോത്സവം നടക്കും. 27നു വൈകുന്നേരം നാലിന് ബംഗളൂരുവിലെ ആഘോഷപരിപാടികള്‍ കേരള, കര്‍ണാടക മന്ത്രിമാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളില്‍ കര്‍ണാടക മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക രംഗത്തെ പ്രമുഖര്‍, കലാകാരന്‍മാര്‍, സാഹിത്യകാരന്മാര്‍ എന്നിവര്‍ പങ്കെടുക്കും. 28,29 തീയതികളില്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെയാണു പരിപാടി.

കേരളത്തിന്റെ പഴയ മാതൃകയിലാണു കേരളോത്സവവേദി സജ്ജമാക്കുന്നത്. ചായക്കട, ചുമടു താങ്ങി, വൈക്കോല്‍ത്തുറു, കാളവണ്ടി, കപ്പലണ്ടി തട്ട്, പക്ഷിശാസ്ത്രം, കൈനോട്ടം, തത്സമയ പൊറോട്ട, ചിപ്സ്, കുലുക്കി സര്‍ബത്ത് തുടങ്ങി കേരളത്തിലെ പഴയ ഗ്രാമങ്ങളിലുണ്ടായിരുന്ന കാര്യങ്ങള്‍ പുനരാവിഷ്കരിക്കും.

കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഭക്ഷ്യമേള, കരകൌശല മേള, പുസ്തക മേള, ആയുര്‍വേദ ഫെസ്റിവല്‍, ചിത്രകാരന്‍മാരുടെ ക്യാമ്പ് , തത്സമയ കാരിക്കേച്ചര്‍, ചൊല്‍ക്കാഴ്ച, നാടന്‍ കലാപരിപാടികള്‍, മോഹിനിയാട്ടം , തിരുവാതിര, ഒപ്പന, മാര്‍ഗംകളി, നാടോടി നൃത്തം എന്നിവ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചെണ്ടമേളം, കാക്കാരിശി നാടകം, തെരുവ് മാജിക് ,നാടന്‍ പാട്ടുകള്‍, കഥാപ്രസംഗം, കഥകളി, കളരിപ്പയറ്റ് എന്നിവയും അരങ്ങേറും. മലയാളി സംഘടനകള്‍ക്കും നൃത്തഗ്രൂപ്പുകള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. മുന്‍കൂട്ടി പേരു നല്‍കുന്ന സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പരിപാടികള്‍ നടത്താന്‍ നിശ്ചിത സമയം അനുവദിക്കും.

തനിനാടന്‍ വിഭവങ്ങളുടെ 11 സ്റാളുകളാണു ഭക്ഷ്യമേളയില്‍ ഉണ്ടാവുക. കേരള സംഗീത നാടക അക്കാദമിയാണു മുഖ്യ സംഘാടകര്‍. അതിനു പുറമേ സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, ഫോക്്ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, സാമൂഹിക നീതി വകുപ്പ്, കരകൌശല വകുപ്പ് എന്നിവയും കേരളോത്സവത്തിന്റെ നടത്തിപ്പില്‍ പങ്കാളികളാകും. ആഘോഷത്തിന്റെ മുന്നോടിയായി കേളികൊട്ട് നവംബര്‍ 23ന് നടക്കും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ 'ദീര്‍ഘചതുരം' എന്ന നാടകം വിളംബരത്തിന്റെ ഭാഗമായി നടക്കും. ബിഇഎല്‍ കുവേംപു കലാക്ഷേത്രയില്‍ വൈകുന്നേരം ആറിനാണ് നാടകം. ആലോചനായോഗത്തില്‍ അക്കാദമി കര്‍ണാടക ഫോറം അംഗങ്ങളായ അപര്‍ണ വിനോദ്, രഞ്ജിത്ത്, രാധ നായര്‍, ദിവ്യ മുരളി, സുനില്‍ കുമാര്‍, ഹേമ മാലിനി പ്രമോദ്, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അന്‍വര്‍ മുത്തില്ലത്ത്, കെഎംസിസി സെക്രട്ടറി എം.കെ. നൌഷാദ്, കെഎന്‍എസ്എസ് പ്രതിനിധികളായ കെ. ഗോപിനാഥന്‍, കൃഷ്ണന്‍ നമ്പ്യാര്‍, ഗോപാലകൃഷ്ണന്‍, പ്രണവം ട്രസ്റ് പ്രസിഡന്റ് ടി.പി. നമ്പ്യാര്‍, ബിഎംഎ പ്രസിഡന്റ് സുജയന്‍ നമ്പ്യാര്‍, കുന്ദലഹള്ളി കേരളസമാജം സെക്രട്ടറി ഷിജോ, ഡൊംലൂര്‍ കേരളസമാജം സെക്രട്ടറി മോഹന്‍ രാജ്, ഫെയ്മ സെക്രട്ടറി പി.ജി. ഡേവിഡ്, ശ്രീനാരായണ സമിതി പ്രസിഡന്റ് കെ. സോമനാഥന്‍, രുദ്ര ഡാന്‍സ് സ്കൂള്‍ ഡയറക്ടര്‍ രേണു, കേരളസമാജം ഈസ്റ് സോണ്‍ ചെയര്‍മാന്‍ പി.ഡി. പോള്‍, കണ്‍വീനര്‍ പി.കെ. വാസു, എ.ആര്‍. ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിപാടികളില്‍ പങ്കെടുക്കാനും മൂന്നു ദിവസത്തെ പരിപാടിയില്‍ സ്റാളുകള്‍ ബുക്ക് ചെയ്യാനും താത്പര്യമുള്ളവര്‍ 9886395832, 9448040729, 9448094707 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.