തുര്‍ക്കിയില്‍ എട്ടു പേര്‍ അറസ്റില്‍; യൂറോപ്പില്‍ അതീവ ജാഗ്രത
Thursday, November 19, 2015 10:24 AM IST
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയുടെ പ്രവര്‍ത്തകര്‍ എന്നു കരുതപ്പെടുന്ന എട്ടു പേരെ തുര്‍ക്കിയില്‍ പോലീസ് അറസ്റു ചെയ്തു. മൊറോക്കോക്കാരായ ഇവര്‍ ജര്‍മനിയിലേക്കു പോകാന്‍ ശ്രമിക്കുമ്പോഴാണ് ഈസ്റാംബുള്‍ വിമാനത്താവളത്തില്‍ പിടിയിലായത്.

ജര്‍മനിയും നെതര്‍ലന്‍ഡ്സും തമ്മില്‍ ഹാനോവറില്‍ നടക്കാനിരുന്ന സൌഹൃദ ഫുട്ബോള്‍ മത്സരം ഭീകര ഭീഷണിയെത്തുടര്‍ന്ന് ജര്‍മനി ഉപേക്ഷിച്ചിരുന്നു. ഇതും തുര്‍ക്കിയിലെ അറസ്റും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

പാരീസ് ആക്രമണത്തിന്റെയും ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ യൂറോപ്പില്‍ ഒട്ടുക്കും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ഐഎസിനോടു മൃദുസമീപനം പുലര്‍ത്തുന്നു എന്ന ആരോപണം നേരിടുന്ന തുര്‍ക്കിയും ഇപ്പോള്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഇറ്റലി, സ്ളോവാക്യ എന്നിവിടങ്ങളിലും ഭീഷണിയെത്തുടര്‍ന്ന് സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി സ്വീഡനില്‍ ത്രെട്ട് ലെവല്‍ 'ഹൈ' ആക്കിയിരിക്കുകയാണ്. ഇവിടെ ഒരു ഭീകര പ്രവര്‍ത്തകനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ജര്‍മനിയില്‍ ആഘോഷങ്ങള്‍ക്കും നിയന്ത്രണം

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ പ്രധാന ആഘോഷ പരിപാടികള്‍ക്കെല്ലാം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. എല്ലായിടങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. പരിശോധനകള്‍ വര്‍ധിച്ചുവരുന്നു. ഒരു ആഘോഷത്തിനും പടക്കം പൊട്ടിക്കുന്നതു പോലുള്ള പരിപാടികള്‍ പാടില്ലെന്നു പ്രത്യേകം നിര്‍ദേശമുണ്ട്.

രാജ്യത്തെവിടെയെങ്കിലും ഭീകരാക്രമണം ഉണ്ടാകുമെന്ന കൃത്യമായൊരു ഭീഷണിയോ സൂചനയോ ഒന്നും നിലവിലില്ല. ഹാനോവറിലെ ഭീഷണി ഒഴിവാകുകയും ചെയ്തു. എന്നിരുന്നാലും സുരക്ഷയുടെ കാര്യത്തില്‍ ഒരു പഴുതും പാടില്ലെന്ന നിര്‍ബന്ധത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനം.

രാജ്യത്തെ പ്രധാന ആഘോഷവേളകളില്‍ ഏതും ഭീകരര്‍ ലക്ഷ്യമിടാം എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ബുണ്ടസ് ലീഗ് മത്സരങ്ങള്‍ക്കൊന്നും മാറ്റമില്ലെങ്കിലും മത്സരവേദികള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

പോലീസിനെ സഹായിക്കാന്‍ സൈന്യവും

ജര്‍മനിയിലെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിന് സൈന്യത്തെ കൂടി രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബിളിന്റേതാണ് വെളിപ്പെടുത്തല്‍.

പാരീസ് ആക്രമണത്തിന്റെയും ജര്‍മനി നേരിടുന്ന ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. പാരീസിലെ പോലെ മൂന്നോ നാലോ സ്ഥലങ്ങളില്‍ ഒരേ സമയം ആക്രമണമുണ്ടായാല്‍ നേരിടാന്‍ പോലീസിനു കഴിയുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും ഷോബ്ള്‍.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ പോലീസിന്റെ കാര്യക്ഷമതയും ശേഷിയും പരിമിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഭരണസഖ്യത്തില്‍ പങ്കാളികളായ എസ്പിഡി നിര്‍ദേശത്തോട് എതിര്‍പ്പുപ്രകടിപ്പിച്ചു. പോലീസിന്റെ ജോലി ഏറ്റെടുക്കാനുള്ള പരിശീലനം പട്ടാളത്തിനു കിട്ടിയിട്ടില്ലെന്നും അങ്ങനെ ഏല്‍പ്പിച്ചാല്‍ വിജയിക്കുകയില്ലെന്നുമാണ് അവരുടെ വാദം.

അതേസമയം ജര്‍മന്‍ പോലീസ് യൂണിയനും മന്ത്രിയുടെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു. ഇങ്ങനെയൊരു നടപടി ഭരണഘടനയ്ക്കു തന്നെ എതിരായിരിക്കുമെന്നാണ് അവരുടെ നിലപാട്.

ഭീകരഭീഷണി: ഇറ്റലിയില്‍ ഡ്രോണ്‍ നിരോധിക്കുന്നു

ഇറ്റലിയുടെ തലസ്ഥാനമായ റോമിനു മുകളില്‍ പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) നിരോധിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കത്തോലിക്കാ വിശുദ്ധ വര്‍ഷാചരണത്തോടനുബന്ധിച്ച് ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണു നടപടി. വത്തിക്കാനെയും ഐഎസ്ഐഎസ് ലക്ഷ്യമിടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോമിലെ തെരുവുകളില്‍ സുരക്ഷയ്ക്ക് എഴുനൂറ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിച്ചുകഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍