മുന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നേതാവ് ഇനി ഓച്ചിറ ഗ്രാമസാരഥി
Thursday, November 19, 2015 10:23 AM IST
റിയാദ്: മൂന്നു പതിറ്റാണ്ടു കാലം റിയാദിലും ബുറൈദയിലുമായി പ്രവാസ ജീവിതം നയിച്ച കൊല്ലം ഓച്ചിറ സ്വദേശി അയ്യാണിക്കല്‍ മജീദ് ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ സാരഥി. ഓച്ചിറ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മത്സരിച്ച മജീദ് സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ചന്ദ്രന്‍ മാസ്ററെയാണു പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലമായി ഇടതുപക്ഷം ഭരിച്ച ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ അധികാരം പിടിച്ചെടുത്ത യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെ 228 വോട്ടിനു പരാജയപ്പെടുത്തിയ അയ്യാണിക്കല്‍ മജീദിനെ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റിയാദില്‍ പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിന്റെയും റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റേയും സ്ഥാപക നേതാവുകൂടിയാണു മജീദ്. നാലു വര്‍ഷം മുമ്പ് നാട്ടിലേക്കു മടങ്ങിയ അയ്യാണിക്കല്‍ മജീദ് നാട്ടിലും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ മജീദിന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണു പുതിയ ചുമതലയെന്ന് റിയാദിലെ സഹപ്രവര്‍ത്തകരായിരുന്ന സത്താര്‍ കായംകുളം, സിറാജ് പുറക്കാട്, ഇസ്മായില്‍ എരുമേലി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍