യുക്മ കലണ്ടര്‍ യുക്മ നാഷണല്‍ കലാമേളയില്‍ പ്രകാശനം ചെയ്യും
Thursday, November 19, 2015 8:22 AM IST
ലണ്ടന്‍: ഹണ്ടിംഗ്ടണില്‍ നവംബര്‍ 21 നു (ശനി) നടക്കുന്ന യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണല്‍ കലാമേള വേദിയില്‍ 2016 വര്‍ഷത്തെ യുക്മ കലണ്ടര്‍ പ്രകാശനം ചെയ്യുമെന്ന് യുക്മ വൈസ് പ്രസിഡന്റും കലാമേളയുടെ ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

ബഹുവര്‍ണങ്ങളില്‍ പ്രിന്റ് ചെയ്ത യുക്മ കലണ്ടര്‍ ജോലി ദിവസങ്ങള്‍ അടയാളപ്പെടുത്തുവാനും അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ വയ്ക്കുവാനും ഈയര്‍ പ്ളാനര്‍ ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷവും 15,000 കലണ്ടറുകള്‍ ആണു യുക്മ സൌജന്യമായി യുകെ മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ വഴിയും ഭാരവാഹികള്‍ മുഖേനയും ആണ് ഇവ യുകെ മലയാളികള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. യുകെയിലെ അവധി ദിവസങ്ങളും വിശേഷ ദിവസങ്ങളും കൂടാതെ കേരളത്തിലെ വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും കലണ്ടറില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നു.

നാഷണല്‍ കലാമേള വേദിയില്‍ പ്രകാശനം ചെയ്യുന്ന യുക്മ കലണ്ടറുകള്‍ പരമാവധി സംഘടനകളില്‍ ക്രിസ്മസിനു മുമ്പായി എത്തിച്ചു വിതരണം ചെയ്യാനാണ് തീരുമാനം. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജണല്‍ ഭാരവാഹികള്‍ മുഖേന ദേശീയ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. യുക്മയില്‍ അംഗമല്ലാത്ത സംഘടനകള്‍ക്കും കലണ്ടര്‍ ലഭ്യമാക്കാന്‍ നേതൃത്വം ആലോചിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍