മഹാ സൌഹൃദം ജനാധിപത്യത്തില്‍ അനിവാര്യം: കെഇഎന്‍
Wednesday, November 18, 2015 1:44 PM IST
കുവൈത്ത് സിറ്റി: മഹാ സൌഹൃദം ജനാധിപത്യത്തില്‍ അനിവാര്യമാണെന്നും ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനുപങ്കുവയ്ക്കാനുള്ളത് മഹാ സൌഹൃദമായിരിക്കണമെന്നും കെഇഎന്‍ അഭിപ്രായപ്പെട്ടു. കുവൈത്തില്‍ കലയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഭാഷസാഹിത്യം സൌഹൃദം' എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രഫ. കെഇഎന്‍.

അല്‍മുല്ല എക്സേച്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാതൃഭാഷ പഠനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കുവൈത്തിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാ സ്നേഹികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. മുഖാമുഖത്തില്‍ ജോയ് മുണ്ടാക്കാടന്‍, മുഹമ്മദ് റിയാസ്, ടി.വി. ഹിക്മത്, ദിലിന്‍ നാരായണന്‍, നിസാര്‍, തോമസ് മാത്യു കടവില്‍, പത്മനാഭന്‍, സലീല്‍ ഉസ്മാന്‍, സുരേഷ് മാസ്റര്‍, ഫിറോസ്, അജയന്‍ എന്‍. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ മാതൃഭാഷ രജതജൂബിലി ആഘോഷസമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് സ്വാഗതവും സി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍