കെസി പിള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: ജെംസ് ജുബൈലിനു വിജയം
Wednesday, November 18, 2015 1:43 PM IST
ജുബൈല്‍: നവയുഗം സാംസ്കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന കെ.സി. പിള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം മത്സരത്തില്‍ ജെംസ് ജുബൈലിനു ജയം.

റോയല്‍ കമ്മീഷനിലെ അല്‍ ദനാ സ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ അല്‍റാസി യൂത്ത് ഇന്ത്യയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജെംസ് ജുബൈല്‍ പരാജയപ്പെടുത്തിയത്.

കാല്‍പന്തുകളിയുടെ വീറും വാശിയും പുറത്തെടുത്ത ഇരു ടീമുകളുടെയും മത്സരം ആവേശം നിറഞ്ഞതായിരുന്നു. പാസിംഗിലും മുന്നേറ്റത്തിലും അല്‍ റാസി യൂത്ത് ഇന്ത്യ മുന്നിട്ടു നിന്നെങ്കിലും വിജയം ജെംസ് ജുബൈലിന്റെ ഭാഗത്തായിരുന്നു. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ഘാനക്കാരന്‍ യാഹിയ ജെംസ് ജൂബൈലിനുവേണ്ടി കോര്‍ണര്‍ കിക്കിലൂടെ ആദ്യ ഗോള്‍ നേടി. നാല്പത്തി രണ്ടാം മിനിറ്റില്‍ ജെംസിന്റെ യാഹിയ പെനാല്‍റ്റിയിലൂടെ രണ്ടാമത്തെ ഗോള്‍ നേടി. അറുപത്തിയൊന്നാം മിനിറ്റില്‍ ജെംസിനുവേണ്ടി യഹിയായുടെ പാസില്‍ സലിം മൂന്നാമത്തെ ഗോള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചു.

മത്സരത്തിലെ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ട ജെംസ് ജുബൈലിന്റെ യാഹിയായ്ക്കു നവയുഗം പ്രതിനിധി ജി.കെ. പിള്ള ട്രോഫി സമ്മാനിച്ചു. മത്സരത്തിനു മുന്നോടിയായി സ്റേഡിയത്തില്‍ നടന്ന ആശംസ സമ്മേളനത്തില്‍ അല്‍ റാസി ക്ളിനിക്ക് ഡയറക്ടര്‍ ഡോ. സുല്‍ഫിക്കര്‍ അലി, മാധ്യമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സാബു മേലതില്‍, സിറാജ് പുറക്കാട് എന്നിവര്‍ പ്രസംഗിച്ചു. ബിറ്റോ അറയ്ക്കല്‍ നന്ദി പറഞ്ഞു.

എം.എസ്. ലിസാന്‍, ഷെറിന്‍, സി. ജയകുമാര്‍, പി. ഷാജേഷ്, മോഹനന്‍ പിള്ള, അനീഷ് മുതുകുളം, രഞ്ജിത്ത്, ഗിരീഷ് ഇളയിടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 20നു അല്‍ദന സ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടീം ജുബൈലും മക്കാ എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം