റൂബെന്‍ പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ
Wednesday, November 18, 2015 1:38 PM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ വംശജനായ റൂബെന്‍ പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍). ഒമ്പതാം വയസില്‍ സൈബര്‍ സുരക്ഷാ വിദഗ്ധന്‍, പ്രൂഡന്റ് ഗെയിംസ് കമ്പനി സിഇഒ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഈ കൊച്ചു മിടുക്കന്‍ അമേരിക്കയിലെ ടെക്സസിലെ ഓസ്റിനില്‍ താമസിക്കുന്നു.

ലോകത്തെ അറിയപ്പെടുന്ന ഹാക്കര്‍, ആപ്പ് ഡെവലപ്പര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എന്നിവ ഈ മൂന്നാം ക്ളാസില്‍ പഠിക്കുന്ന ഒമ്പതു വയസുകാരന്റെ വിശേഷങ്ങളാണ്. കളിച്ചു നടക്കേണ്ട പ്രായത്തില്‍ എല്ലാ ഗെയിമിനെയും കടത്തിവെട്ടി മുന്നേറുകയാണ് ഈ കൊച്ചുമിടുക്കന്‍.

ഡല്‍ഹിയില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ഹാക്കര്‍ സമ്മേളനങ്ങളിലൊന്നായ 'ഗ്രൌണ്ട് സീറോ സമ്മിറ്റ് 2015' ല്‍ റൂബെന്‍ പങ്കെടുത്തു സംസാരിച്ചു. ലോകത്തെ പ്രധാനപ്പെട്ട സൈബര്‍ സുരക്ഷാവിദഗ്ധരും സുരക്ഷാ ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14നു ശിശുദിനസന്ദേശം നല്‍കാനെത്തിയ റൂബെന്‍, ഇത്തവണ കുട്ടികളെ സൈബര്‍ സുരക്ഷ അഭ്യസിപ്പിക്കാനുള്ള സ്പെഷല്‍ അംബാസഡറെന്ന റോളിലാണ് ഇന്ത്യയിലെത്തിയത്.

ഭാവിയില്‍ ആരാകാനാണ് താത്പര്യമെന്നു റൂബെനോട് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍, ഒരു മികച്ച 'സൈബര്‍ സ്പൈ' ആകാന്‍ ആഗ്രഹിക്കുന്നതായി ഈ കൊച്ചുമിടുക്കന്‍ അറിയിച്ചു.

പിതാവ് ഇന്ത്യന്‍ വംശജനായ മനോ പോള്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍