ഓസ്ട്രിയയില്‍ അഭയാര്‍ഥികള്‍ക്കായി അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള പഠനപദ്ധതി നടപ്പാക്കും
Wednesday, November 18, 2015 7:37 AM IST
വിയന്ന: സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഓസ്ട്രിയന്‍ ഭരണകൂടം അമ്പതു പദ്ധതികളടങ്ങിയ പുതിയ ദേശീയോദ്ഗ്രഥന പാക്കേജ് പ്രഖ്യാപിച്ചു. 80000 വരുന്ന അഭയാര്‍ഥിത്വ അപേക്ഷകളില്‍ ഏകദേശം 25000 ത്തോളം പേര്‍ക്ക് ലഭിക്കാനുള്ള യോഗ്യത പ്രഥമദൃഷ്ട്യാ കാണുന്നുണ്െടന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഭയാര്‍ഥികളില്‍ രണ്ടിലൊരാള്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓസ്ട്രിയന്‍ ഭരണകൂടം അഭയാര്‍ഥികള്‍ക്കായി പുതിയ ദേശീയോദ്ഗ്രഥന നടപടികള്‍ പ്രഖ്യാപിച്ചു. അമ്പതു നടപടികള്‍ അടങ്ങുന്നതാണു പുതിയതായി പ്രഖ്യാപിച്ച പാക്കേജ്. ദിനംപ്രതി500 പുരുഷന്മാരാണ് ഓസ്ട്രിയയില്‍ അഭയാര്‍ഥികളായി എത്തുന്നത്. കൂടാതെ അഭയാര്‍ഥികളില്‍ 75.8 ശതമാനവും പുരുഷന്മാരുമാണ്.

ചെറുപ്പക്കാരില്‍ 70.5 ശതമാനം പേരും 16 നും 46 നുമിടയില്‍ പ്രായമുള്ളവരാണ്. 20 മുതല്‍ 25 വരെകുടുംബങ്ങള്‍ അഭയാര്‍ഥിത്വം ആവശ്യമുള്ളവരാണ്. കൂടാതെ രണ്ടിലൊരാള്‍ വീതം തന്റെ കുടുംബത്തെ കൊണ്ടുവരണമെന്ന ആഗ്രഹമുള്ളവരാണ്.

പുതുതായി തയാറാക്കിയ അഭയാര്‍ഥികള്‍ക്കായുള്ള ദേശീയോദ്ഗ്രഥന പാക്കേജ് വരും ദിനങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതനുസരിച്ച് ഓരോ അഭയാര്‍ഥിയും ദേശീയോദ്ഗ്രഥനത്തെപ്പറ്റി ബോധവാനായിരിക്കണം. അതിനായി സര്‍ക്കാര്‍ മൂന്നു തരം കോഴ്സുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്ന് പ്രാഥമിക ജര്‍മന്‍ ഭാഷാ പഠനം, രണ്ട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള 5 ആഴ്ചത്തെ ഭാഷാ പഠനം, പ്രഫഷണല്‍ യോഗ്യതയുള്ളവര്‍ക്കുള്ള എന്ട്രന്‍സ്, മൂന്നാമതായി മൂല്യങ്ങളെക്കുറിച്ചുള്ള ക്ളാസുകള്‍.

ഈ പുതിയ കോഴ്സ് അനുസരിച്ച് രാജ്യത്തിന്റെ ഭരണഘടന, മനുഷ്യാവകാശം, തുല്യാവകാശം സ്ത്രീപുരുഷ സമത്വം, നിയമ വ്യവസ്ഥിതി, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള ക്ളാസിനു പുറമേ പ്രാക്ടീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഭാഷാ പഠനം, താമസ സ്ഥലത്ത് രാത്രിയിലും അവധി ദിവസങ്ങളിലും പാലിക്കേണ്ട നിശബ്ദത എന്നിവയാണു പ്രാക്ടീസ് ചെയ്യേണ്ടവിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസിയാതെ ഈ കോഴ്സുകള്‍ നിലവില്‍ വരും. 23000 അഭയാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ വകകൊള്ളിച്ചിരിക്കുന്നത് 175 മില്യന്‍ യൂറോയാണ്.

സെപ്റ്റംബര്‍ അവസാനം വരെയുള്ള അഭയാര്‍ഥികളുടെ കണക്ക്: സിറിയ: 16223, അഫഘാനാസ്ഥാന്‍: 12444, ഇറാഖ്: പാക്കിസ്ഥാന്‍: 2826, കൊസോവോ: 2418, സൊമാലിയ: 1686, റഷ്യന്‍ ഫെഡറേഷന്‍: 1261, ഇറാന്‍: 1227, നൈജീരിയ: 976 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍