മസ്കറ്റ് കൈരളി അനന്തപുരി അവാര്‍ഡ് ഫാ. ഡേവിസ് ചിറമ്മലിനു നവംബര്‍ 28നു സമ്മാനിക്കും
Wednesday, November 18, 2015 7:35 AM IST
മസ്കറ്റ്: അനന്തപുരി റെസ്റ്റോറന്റ് ഗ്രൂപ്പും മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗവും നല്കിവരുന്ന കൈരളി അനന്തപുരി അവാര്‍ഡ് 2015 ഫാ. ഡേവിസ് ചിറമ്മലിന്. കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്‍പ്പെടെ അദ്ദേഹം ചെയ്യുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് അനന്തപുരി ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

75000 രൂപയും മൊമെന്റൊയുമാണ് അവാര്‍ഡ്. കേരളവിഭാഗം നടത്തുന്ന കേരളോത്സവത്തോടനുബന്ധിച്ചാണ് അവാര്‍ഡ് നല്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റിവല്‍ എന്നാണിപ്പോള്‍ മൂന്നു ദിവസത്തെ പരിപാടികള്‍ അറിയപ്പെടുന്നത്.

26 നവംബര്‍ മുതല്‍ 28 വരെ അമറാത്ത് പാര്‍ക്കിലാണ് ഇക്കൊല്ലത്തെ പരിപാടികള്‍ നടക്കുന്നത്. സമാപനദിവസമായ ശനിയാഴ്ച വൈകുന്നേരം ഏഴിന് അവാര്‍ഡ് നല്കും. പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം. ജാബിര്‍, കണ്‍വീനര്‍ രെജിലാല്‍ കൊക്കാടന്‍, മാര്‍സ് ബദര്‍അല്‍സമ ഗ്രൂപ്പ് എംഡി വി.റ്റി. വിനോദ്, അനന്തപുരി ഷൊരൂക് ഗ്രൂപ് എംഡി ബിബി ജേക്കബ്, മുഖ്യ പ്രായോജകരായ ഷാഹി സ്പൈസസ് പ്രതിനിധി അഡ്വ. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോ.റ്റി.പി. ഗംഗാധരന്‍, ദയാബായ്, സുനിതാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കാണു മുന്‍കൊല്ലങ്ങളില്‍ അവാര്‍ഡ് നല്കിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം