ഹാന്നോവറില്‍ ബോംബ് കണ്ടെത്തി; ജര്‍മനി-ഹോളണ്ട് സൌഹൃദ ഫുട്ബോള്‍ മല്‍സരം റദ്ദാക്കി
Wednesday, November 18, 2015 7:33 AM IST
ഹാനോവര്‍ : ജര്‍മനിയിലെ ഹാനോവറില്‍ ചൊവ്വാഴ്ച വൈകുന്നേരം എട്ടേമുക്കാലിന് തുടങ്ങേണ്ടിയിരുന്ന ജര്‍മനിയും ഹോളണ്ടും തമ്മിലുള്ള സൌഹൃദ ഫുട്ബോള്‍ മല്‍സരം ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കി. മല്‍സരം തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണു മല്‍സരം റദ്ദാക്കിയതായി പോലീസ് ചീഫ് വോള്‍ക്കര്‍ ക്ളുവെ അറിയിച്ചത്. എച്ച്ഡിഇ അറീന സ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍നിന്നു ബോംബ് പോലീസ് കണ്ടെടുക്കുകയായിരുന്നു. കൂടാതെ ഹാന്നോവര്‍ മെയിന്‍ റെയില്‍വേ സ്റേഷനില്‍നിന്നു ബോംബ് കണ്ടെടുത്തിട്ടുണ്ട്. സ്റേഡിയത്തിന് ബോംബ് ഭീഷണി ഉണ്ടായെന്നറിഞ്ഞയുടനെ സായുധ പോലീസ് സര്‍വ്വസന്നാഹവുമായി സ്റേഡിയം വളഞ്ഞു. സ്റേഡിയത്തിനുള്ളില്‍ ബോംബ് കടത്താന്‍ ശ്രമം നടന്നതായും മന്ത്രി പറഞ്ഞു.

ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, മന്ത്രിസഭാംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മല്‍സരം കാണാന്‍ എത്താനിരുന്നതാണ്. സ്റേഡിയത്തില്‍ ആളുകളെ കയറ്റിയിരുന്നെങ്കിലും പരിഭ്രാന്തി ഉളവാക്കാതെ ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചു. ജര്‍മന്‍, ഹോളണ്ട് ടീമുകളെ പോലീസ് സംരക്ഷണയിലാണു സ്റേഡിയത്തില്‍ എത്തിയ്ക്കാനിരുന്നതെങ്കിലും നാലു കിലോമീറ്റര്‍ മുന്നേ തിരിച്ചു പോയി. തുടര്‍ന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ പത്രസമ്മേളനം നടത്തി. ഐഎസിന്റെ ഭീഷണി യൂറോപ്പിന് അത്യാപത്കരമാണെന്നു പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്റേഡിയത്തിലോ, പുറത്തോ ആക്രമണമുണ്ടാകുമെന്നു ഫ്രഞ്ച് രഹസ്യപോലീസ് ജര്‍മന്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. എന്നാല്‍, പോലീസ് ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്.

റദ്ദാക്കിയ സംഭവത്തെ ജര്‍മന്‍ ഫുട്ബോളിന്റെ കറുത്തദിനമായി ജര്‍മന്‍ ഫുട്ബോള്‍ ലീഗ് പ്രസിഡന്റ് റൈന്‍ഹാര്‍ഡ് റൌബാള്‍ വിശേഷിപ്പിച്ചു. എച്ച് ഡിഇ സ്റേഡിയത്തില്‍ 49,000 കാണികള്‍ക്കുള്ള ഇരിപ്പിട സൌകര്യമുണ്ട്. 1954ല്‍ നിര്‍മിച്ചതാണ് ഈ സ്റേഡിയം.

ചൊവ്വാഴ്ച ബ്രസല്‍സില്‍ നടത്താനിരുന്ന ബെല്‍ജിയം-സ്പെയന്‍ സൌഹൃദ മല്‍സരവും തിങ്കളാഴ്ചതന്നെ റദ്ദാക്കിയിരുന്നു. നേരത്തെ അറിയിച്ചിരുന്നതുപോലെ ചൊവ്വാഴ്ച രാത്രി വെംബ്ളിയില്‍ നടന്ന ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മിലുള്ള മല്‍സരത്തില്‍ ഫ്രാന്‍സ് ഇംഗ്ളണ്ടിനോട് രണ്ടു ഗോളിന് തോറ്റു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍