ടൊറോന്റോ എക്യുമെനിക്കല്‍ ഫെലോഷിപ്പില്‍ വരവേല്‍പ്പ്
Wednesday, November 18, 2015 7:33 AM IST
ടൊറോന്റോ: കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് നവംബര്‍ 21 ശനിയാഴ്ച ടൊറോന്റോ സിഎസ്ഐ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫെല്ലോഷിപ്പിന്റെ ദീര്‍ഘകാല മാര്‍ഗദര്‍ശിയായിരുന്ന റവ. ഡോ.പി. കെ മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്നു അംഗസഭകളില്‍ പുതുതായി വൈദിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. തോമസ് വാലുംമേല്‍, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ബ്ളസന്‍, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിമാരായ റവ. അനൂപ് തോമസ്, റവ. സാം എന്നിവരെ പരിചയപ്പെടുത്തുകയും കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

പുതുതായി ഫെലോഷിപ്പില്‍ അംഗമായ സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ കാത്തോലിക് ചര്‍ച്ചിനെയും വികാരി ഫാ.ജോര്‍ജ് പാറയിലിനെയും അംഗങ്ങള്‍ കരഘോഷത്തോടെ സ്വീകരിച്ചു. ഇതോടെ ഫെല്ലോഷിപ്പില്‍ അംഗങ്ങളായ പള്ളികളുടെ എണ്ണം പതിനാറായി.

രണ്ടു വര്‍ഷത്തെ സ്തുത്യര്‍ഹമായ സഭാ ശുശ്രൂഷയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സെന്റ് ഇഗ്നേഷ്യസ് ക്നാനായ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ജെയിന്‍ തോമസിന് സമുചിതമായ യാത്രയയപ്പ് നല്കി. മുഖ്യ അതിഥിയായിരുന്ന ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ ഫലകം നല്കി അദ്ദേഹത്തെ ആദരിച്ചു.

നവംബര്‍ 21-നു നടക്കുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ ടൊറോന്റൊയിലെ എല്ലാവര്‍ക്കും മുന്‍കൂട്ടി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

സെക്രട്ടറി തോമസ് കെ. തോമസ് സ്വാഗതവും ട്രഷറാര്‍ മാറ്റ് മാത്യൂസ് നന്ദിയും പറഞ്ഞു. സാക്ക് സന്തോഷ് കോശി, സൈമണ്‍ പ്ളാത്തോട്ടം, സുജിത്ത് ഏബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു .
നവംബര്‍ 21-നു എറ്റോബികോക്ക് ഡോണ്‍ ബോസ്കോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കോര്‍ഡിനെറ്റര്‍മാരായ മാത്യു കുതിരവട്ടം, സോണി തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജയ്സണ്‍ മാത്യു