പാരീസ് ദുരന്തത്തെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അപലപിച്ചു
Wednesday, November 18, 2015 7:32 AM IST
ന്യൂയോര്‍ക്ക്: ലോകത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തിക്കൊണ്ട് നവംബര്‍ 13-നു പാരീസുലുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ നിരപരാധികളുടെ മരണത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നതോടൊപ്പം, കുടുംബാംഗങ്ങളുടെ തീരാദുഃഖത്തില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനം പങ്കുചേരുന്നതായും, മുറിവേറ്റും മാനസിക സംഘര്‍ഷത്താലും കഷ്ടപ്പെടുന്ന നൂറുകണക്കിനു ആളുകളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ചാലിശേരി അറിയിച്ചു.

ലോകത്തിന്റെ നാനാഭാഗങ്ങളിലായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അരങ്ങേറുന്ന നരഹത്യയും ക്രൂരപീഡനങ്ങളും, പ്രത്യേകിച്ച് ക്രൈസ്തവസമൂഹത്തിനു നേരേ നടക്കുന്ന അതിക്രമങ്ങളും മനുഷ്യരാശിക്കു മുഴുവന്‍ വെല്ലുവിളിയാണെന്നും, ഈ വെല്ലുവിളിയെ നേരിടുന്നതിനായി ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് ഓര്‍മിപ്പിച്ചു. ലോകത്തെമ്പാടും സന്തോഷവും സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തി മനുഷ്യരാശിക്കു മുഴുവന്‍ നന്മയേകുവാന്‍ ഓരോ സഭാമക്കളും പ്രാര്‍ത്ഥിക്കണമെന്നും അഭിവന്ദ്യ തിരുമേനി പ്രബോധിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍