അബുദാബി സെന്റ് സ്റീഫന്‍സ് പള്ളിയില്‍ കൊയ്ത്തുത്സവം നവംബര്‍ 20ന്
Tuesday, November 17, 2015 7:49 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് യാക്കോബായ പള്ളി കൊയ്ത്തുത്സവം കേരള സോഷ്യല്‍ സെന്ററില്‍ നവംബര്‍ 20നു (വെള്ളി) ആഘോഷിക്കുന്നു. വൈകുന്നേരം 5.30നു മുംബൈ- യുഎഇ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അലക്സാന്ത്രിയോസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്നു ശിങ്കാരിമേളത്തോടെ കൊടി ഉയര്‍ത്തും. തുടര്‍ന്നു സ്വരവര്‍ണം എന്ന ഹാസ്യസംഗീത പരിപാടി അരങ്ങേറും. മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന നാടന്‍ ഭക്ഷണ വിഭവങ്ങള്‍, കൊച്ചിക്കാരുടെ പിടിയും കോഴിയും തീപാറും വിഭവങ്ങളുമായി വിവിധ തട്ടുകടകള്‍, കുമരകം സ്പെഷല്‍ കരിമീന്‍ പൊള്ളിച്ചത്, കുട്ടികളുടെ വിവിധ പരിപാടികള്‍, അമേരിക്കന്‍ ലേലം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ അലക്സാന്ത്രിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.

വികാരി ഫാ. ജിബി വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ എല്‍ദോ ജേക്കബ്, ബിജു ചെറിയാന്‍, ഇടവക സെക്രട്ടറി എല്‍ദോ അരുണ്‍, ട്രസ്റി സൈമണ്‍ തോമസ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള