ഷിഫാ അല്‍ ജസീറ കൂടുതല്‍ സേവന പദ്ധതികളുമായി പതിനാലാം വര്‍ഷത്തിലേക്ക്
Tuesday, November 17, 2015 7:00 AM IST
റിയാദ്: ജനകീയ ആതുരാലയമെന്ന ഖ്യാതിയില്‍ പതിമൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഷിഫ അല്‍ ജസീറ പോളിക്ളിനിക്ക് തങ്ങളുടെ സേവന പദ്ധതികള്‍ കൂടുതല്‍ വിപുലീകരിച്ചും ജനകീയവല്‍ക്കരിച്ചും പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നു. സാധാരണക്കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കി വരുന്ന ഷിഫ അല്‍ ജസീറ ഈ അവസരത്തില്‍ ആതുര സേവനരംഗത്തെ ആധുനിക സാങ്കേതികത്വങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണെന്ന് റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് ലുത്ഫി അബൂദാവൂദ് പറഞ്ഞു. ജനങ്ങളോടൊപ്പം വളരാനും ജനങ്ങള്‍ക്കു വേണ്ടി എന്നും പ്രവര്‍ത്തിക്കാനുമാണ് ഷിഫ അല്‍ ജസീറ പോളിക്ളിനിക്ക് ആഗ്രഹിക്കുന്നതെന്നും അതിനായി റിയാദിലെ പ്രവാസിസമൂഹം നല്‍കുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അറിയിച്ചു.

2002 നവംബര്‍ 15 -നു സ്ഥാപിതമായ ഷിഫ അല്‍ ജസീറ പോളിക്ളിനിക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ളയുടെ പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ ആതുരശുശ്രൂഷ ലഭ്യമാക്കുക എന്ന ആശയം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കിയ സ്ഥാപനമാണെന്നു അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. റിയാദിലെ എണ്ണമറ്റ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും നിര്‍ദ്ദേശങ്ങളനുസരിച്ച് നിരാശ്രയരായ പ്രവാസികള്‍ക്കു സൌജന്യമായി ശുശ്രൂഷ നല്‍കുന്നതിനോടൊപ്പം ഇന്ത്യന്‍ എംബസിയുടെ ഒരു ഷെല്‍ട്ടറായും ഷിഫ അല്‍ ജസീറ സേവനമനുഷ്ഠിക്കുന്നുണ്ട്. സംഘടനകളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും സൌജന്യ മരുന്നു വിതരണവുമടക്കം നടത്തി വരുന്ന സ്ഥാപനം കലാ-സാംസ്കാരിക കായിക രംഗങ്ങളിലും പ്രവാസി സംഘടനകള്‍ക്കു നിറഞ്ഞ പ്രോത്സാഹനം നല്‍കി വരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ യമന്‍, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യക്കാര്‍ക്ക് ആതുരസേവനം നല്‍കുന്നതിലും ഉദാരമായ സമീപനമാണ് ഷിഫ അല്‍ ജസീറ മാനേജ്മെന്റ് സ്വീകരിക്കുന്നത്. ക്ളിനിക്ക് സ്പോണ്‍സര്‍ ഡോ. അസ്ഹര്‍ അന്‍വര്‍ അല്‍അക്കാദ്, മുഹമ്മദ് ലുത്ഫി അബൂദാവൂദ്, അബ്ദുല്‍ഹാദി അബ്ദുള്ള സുബൈഹി, ഖാലിദ് ദഖീലുള്ള അല്‍ഖത്അമി തുടങ്ങിയ ഡയറക്ടര്‍മാരും ഡെപ്യൂട്ടി ജന. മാനേജര്‍ അഹമ്മദ് ദഖീലുള്ള, അഡ്മിന്‍ മാനേജര്‍ നായിഫ് ജാബിര്‍ അല്‍ഷമ്മരി, പിആര്‍ഒ അബ്ദുല്‍ റസാഖ് അല്‍ അനസി തുടങ്ങിയവര്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിച്ചതായി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

മെര്‍സ് രോഗം പടര്‍ത്തുന്ന കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി നടത്തിയ സെമിനാറുകളും ബോധവത്കരണ ക്ളാസുകളും പ്രത്യേകമായി തയാറാക്കി പ്രസിദ്ധീകരിച്ച വിവിധ ഭാഷകളിലുള്ള ബ്രോഷറുകളും ഷിഫ അല്‍ ജസീറ പോളിക്ളിനിക്കിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഉദാഹരണങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പറഞ്ഞ മാനേജ്മെന്റ് അടുത്ത വര്‍ഷത്തേക്ക് പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടത്തുകയുണ്ടായി. പ്രമേഹ ചികിത്സക്കായി പ്രത്യേക ഡയബറ്റിക്സ് ക്ളിനിക്, കണ്ണ്രോഗ ചികിത്സക്കായി പ്രത്യേക കേന്ദ്രം, മോഡേണ്‍ സ്കിന്‍ കെയര്‍ സെന്റര്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗം എന്നിവയോടൊപ്പം ബംഗ്ളാദേശി പ്രവാസികളുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ വിഭാഗവും ആരംഭിക്കും.

ഷിഫാ അല്‍ ജസീറയുടെ പ്രത്യേക ആരോഗ്യ പ്രസിദ്ധീകരണമായ സ്പന്ദനം മാഗസിന്‍ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതിനും മാനേജ്മെന്റ് തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷിഫാ അല്‍ജസീറയിലെ ജോലിക്കാര്‍ക്കായുള്ള റിക്രിയേഷന്‍ ക്ളബ്ബ് അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കും. രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും ഡിജിറ്റല്‍ സൌകര്യങ്ങളോടെ ഇ ഫയല്‍ ഏര്‍പ്പെടുത്തിയതായും മാനേജ്മെന്റ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജോര്‍ജ് ഫിലിപ്പ്, ഡോ. സുരേഷ്, നായിഫ് ജാബില്‍ അല്‍ഷമ്മരി, ഡോ. രാജ്ശേഖര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍