യൂറോസോണ്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞു
Monday, November 16, 2015 10:22 AM IST
ബര്‍ലിന്‍: ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ യൂറോ സോണ്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു വേഗം കുറഞ്ഞു. 0.3 ശതമാനം വളര്‍ച്ചയാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം പാദത്തിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്ത് 0.4 ശതമാനം വളര്‍ച്ചയാണ് മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്നത്. ജര്‍മനിയില്‍ വളര്‍ച്ചയുടെ വേഗം പ്രതീക്ഷിച്ചത്ര എത്താത്തത് ഇതിനൊരു പ്രധാന കാരണമായി. അതേസമയം, ഫ്രാന്‍സിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ഡിസംബറോടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തേജന പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും അതുവഴി നാണ്യപെരുപ്പം ക്രമത്തില്‍ വര്‍ധിപ്പിച്ച് വളര്‍ച്ചയുടെ വേഗം കൂട്ടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍