പാരീസ് ഭീകരാക്രമണത്തെ ബിഷപ്പ് മാര്‍ തിയഡോഷ്യസ് അപലപിച്ചു
Monday, November 16, 2015 7:15 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 150-ല്‍ പേര്‍ അതിദാരുണയമായി കൊല്ലപ്പെട്ടതില്‍ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ അപലപിച്ചു.

ജീവനെ ആദരിക്കേണ്ടതും, സംരക്ഷിത്തേണ്ടതും ഏതൊരു മനുഷ്യന്റേയും ഈ കാലഘട്ടത്തിന്റെ ഏറെ ആവശ്യമായ കടമയാണെന്നു മാര്‍ തിയഡോഷ്യസ് ഉത്ബോധിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലും മറ്റും അടിക്കടി വര്‍ധിച്ചുവരുന്ന ആത്മഹത്യയുടേയും, വെടിവെയ്പിന്റേയും പശ്ചാത്തലത്തില്‍ ഇത് എല്ലാവര്‍ക്കും പ്രസക്തമാണെന്നു ഓര്‍മ്മപ്പെടുത്തി. ജീവന്‍ ദൈവത്തിന്റെ ദാനവും, വകയുമാണ്. ജീവനെ ഹനിക്കുന്നത് ഏതൊരു വിധത്തിലായാലും, ഏതൊരു സ്ഥലത്തായാലും അത് നിരുത്തരവാദപരവും ദൈവത്തോടുള്ള അനാദരവും, സക സൃഷ്ടിയോടുമുള്ള അപരാധവുമാണെന്നു പ്രസ്താവിച്ചു.

നവംബര്‍ 13-ന് പാരീസില്‍ നടന്ന ഭീകരാക്രമണവും നരഹത്യയും ഏറെ അപലപിക്കേണ്ടതാണ്. ദുഖിതരോടും മുറിവേറ്റവരോടും വിഷമത അനുഭവിക്കുന്നവരോടുമുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ ഏതു കാരണത്താല്‍ ആയാലും അതു നന്മയ്ക്കായി ഭവിക്കുകയില്ലെന്നും സൂചിപ്പിച്ചു. ലോകമെമ്പാടും നീതിയും സമാധാനവും പുലര്‍ത്തുവാന്‍ ഏവരും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നു ബിഷപ്പ് മാര്‍ തിയഡോഷ്യസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം