'ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാധ്യമ ശബ്ദം ഉയരണം'
Sunday, November 15, 2015 6:39 AM IST
ടൊറേന്റോ: ലോകമെമ്പാടും ഉയര്‍ന്നു വരുന്ന ഭീകര വാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു. അടുത്ത കാലത്തായി നടന്ന രണ്ടു ആക്രമണ സംഭവങ്ങള്‍ തികച്ചും ഭയാനകവും ഭാവിയില്‍ വരാനിരിക്കുന്ന ആക്രമണ പ്രവര്‍ത്തനങ്ങളുടെ മുന്നോടി ആണെന്നും ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് ക്ളബ് വിലയിരുത്തുന്നു.

പാരീസില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് മുംബൈയില്‍ വളരെ ആസൂത്രിതമായി നടത്തിയ ഓപ്പറേഷനുമായി ബന്ധം കാണേണ്ടിയിരിക്കുന്നു. വളരെ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഫ്രാന്‍സ് പോലുള്ള രാജ്യത്ത് നടന്ന ആക്രമണ സംഭവത്തിന്റെ തയാറെടുപ്പുകള്‍ വളരെ പരിമിതവും പെട്ടെന്നും ആയിരുന്നു വെന്നുള്ളത് ഗൌരവം ഏറിയ ഒന്നാണ്. ഇത്ര എളുപ്പത്തില്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങളെ തീവ്രവാദികള്‍ മറികടക്കുന്നുവെങ്കില്‍, തീവ്രവാദത്തിന്റെ വേരുകള്‍ എത്രമാത്രം ആഴത്തിലും പരപ്പിലും ലോക ത്തിന്റെ ഓരോ കോണിലും എത്തി നില്‍കുന്നുവെന്നു മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

ഫ്രാന്‍സിലെ ഭീകരാക്രമണവും ബംഗ്ളാദേശില്‍ നടന്ന ഒറ്റതിരിഞ്ഞ ഭീകരാക്രമണങ്ങളും ഇന്ത്യക്കുള്ള മുന്നറിയിപ്പുകളാണ്. കുറഞ്ഞ ചെലവില്‍ കടുത്ത ആഘാതം സൃഷ്ടിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സുരക്ഷ സംവിധാനം തയാറെടുക്കണമെന്ന് മാത്രമല്ല, പ്രാദേശികമായ അസംതൃപ്തികള്‍ക്ക് ഐഎസ് പ്രചാരണത്തില്‍ ആഗോള പ്രതിധ്വനി ലഭിക്കാനുള്ള സാധ്യതയ്ക്കെതിരെ രാജ്യത്തെ രാഷ്ട്രീയ സംവിധാനം ജാഗ്രത പുലര്‍ത്തുകയും വേണം. ഇതുപോലുള്ള കാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യ പങ്കു വഹിക്കുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളെ ആക്രമിച്ചു അരാജകത്വം സൃഷ്ടിക്കുക എന്ന മുഖ്യ അജന്‍ഡ ആണ് അല്‍ക്വയ്ദ, ഐഎസ് എന്നീ സംഘടനകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

ഭീകര വാദികളുടെ എണ്ണം വളരെ തുശ്ചം എന്ന് ഓരോ രാഷ്ട്രങ്ങളും മന സമാധാനത്തിനുവേണ്ടി സ്വയം വിലയിരുത്തുമ്പോള്‍, ഒന്ന് ഓര്‍ക്കുന്നത് നന്ന്, മനുഷ്യ ജന്മം തൊട്ടു കലഹങ്ങള്‍ ആരംഭിച്ചത് വര്‍ഗ, മത. വര്‍ണ വ്യത്യാസങ്ങളിലൂടെ തന്നെ ആണ്. അത് ഇപ്പോഴും തുടരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി അസമത്വത്തിനെതിരെയും ഭീകരവാദത്തിനെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ ഉണരേണ്ടിയിരിക്കുന്നുവെന്ന് ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള