പീസ് കോണ്‍ഫറന്‍സ് ഡിസംബര്‍ നാലിന്; ബ്രോഷര്‍ പുറത്തിറക്കി
Sunday, November 15, 2015 6:36 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'മതങ്ങളും ലോക സമാധാനവും' എന്ന പ്രമേയത്തില്‍ കുവൈത്തിലെ ജാതിഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ബഹുമത പീസ് കോണ്‍ഫറന്‍സിന്റെ ബ്രോഷര്‍ പുറത്തിറക്കി. ലുലു എക്സേഞ്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫാസ് അഹ്മദ് ഐഐസി വൈസ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ഉമ്മര്‍ കുട്ടിയില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു. ഐഐസി ഉപദേശക സമിതി ഉപാധ്യക്ഷന്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഇന്നത്തെ ലോകത്തിന്റെയും നമ്മുടെ നാടിന്റെയും സാഹചര്യത്തില്‍ സമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഫിറോസ് ചുങ്കത്തറ വിശദീകരിച്ചു. സാബിക് പുല്ലൂര്‍, സിദ്ധീഖ് മദനി, അബ്ദുള്‍ അസീസ് സലഫി എന്നിവര്‍ സംസാരിച്ചു.

ഡിസംബര്‍ നാലിനു (വെള്ളി) വൈകുന്നേരം ആറിനു സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാമി അഗ്നിവേഷ് (ഡല്‍ഹി) മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. എബി പോള്‍ (കുവൈത്ത്), ബഷീര്‍ പട്ടേല്‍ത്താഴം (ഡയറക്ടര്‍, ദി ട്രൂത്ത് കേരള) തുടങ്ങി പ്രമുഖരും പങ്കെടുക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ വകുപ്പുകളിലായി 24 അംഗങ്ങളുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍