ബ്രിട്ടനുമായി ഇന്ത്യക്കു സവിശേഷ ബന്ധം: മോദി
Sunday, November 15, 2015 6:30 AM IST
ലണ്ടന്‍: യുകെയുമായി ഇന്ത്യക്കുള്ളത് സവിശേഷ ബന്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വെംബ്ളി സ്റേഡിയത്തില്‍ നടത്തിയ പ്രസംഗത്തിലാണു പരാമര്‍ശം.

അറുപതിനായിരത്തോളം പേരാണ് മോദിയെ കാണാനും പ്രസംഗം കേള്‍ക്കാനുമായി സ്റേഡിയത്തില്‍ തിങ്ങിക്കൂടിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നേരിട്ടെത്തി മോദിയെവേദിയിലേക്ക് ആനയിച്ചു.

നേരത്തെ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നല്‍കിയ വിരുന്നിലും മോദി പങ്കെടുത്തിരുന്നു. ടീം ഇന്ത്യയും ടീം യുകെയും ചേരുന്നത് വിന്നിംഗ് കോമ്പിനേഷനായിരിക്കുമെന്ന് വെംബ്ളിയില്‍ മോദിയെ പരിചയപ്പെടുത്തവേ കാമറോണ്‍ അഭിപ്രായപ്പെട്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്നു കാമറോണ്‍ പറഞ്ഞത് നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ഇംഗ്ളീഷില്‍ തുടങ്ങിയ പ്രസംഗം ഏറിയ പങ്കും ഹിന്ദിയിലാണ് മോദി നടത്തിയത്. ഇന്ത്യയിലെ വൈവിധ്യത്തിനാണ് അദ്ദേഹം പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്.

ഡേവിഡ് കാമറോണ്‍ വെംബ്ളിയില്‍ മോദിക്ക് അച്ഛാ ദിന്‍ നല്‍കി

നമസ്തേ വെംബ്ളി എന്നു പറഞ്ഞു തുടങ്ങിയ കാമറോണ്‍, വെംബ്ളിയില്‍ മോദിക്കു വന്‍ സ്വീകരണ ഒരുക്കി ബ്രിട്ടന്‍ ചരിത്രമഴുതി. വെംബ്ളിയില്‍ ഇന്ത്യന്‍ സമൂഹത്തെ കാമറോണ്‍ അഭിസംബോധന ചെയ്തത്, 'അച്ഛാദിന്‍ സരൂര്‍ ആയേഗാ' എന്ന വാക്കുകള്‍ കൊണ്ടാണ്. മോദിയെ സാക്ഷിയാക്കി കരഘോഷം ഉയര്‍ന്നതിനിടയില്‍ നല്ല ദിനങ്ങള്‍ തീര്‍ച്ചയായും വരുമെന്നു കാമറോണ്‍ വീണ്ടും ഓര്‍മിപ്പിച്ചു.

ബ്രിട്ടനിലെ ഇന്ത്യക്കാര്‍ മോദിക്കു നല്‍കിയ സ്വീകരണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് വെംബ്ളിയിലെ കലാപരിപാടികള്‍ക്കൊപ്പം ചടങ്ങു കൊഴുപ്പിച്ചത.്

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍