സാഹിത്യത്തിന്റെ ലക്ഷ്യം - വിചാരവേദിയില്‍ ചര്‍ച്ച
Saturday, November 14, 2015 5:59 AM IST
ന്യൂയോര്‍ക്ക്: വിചാരവേദി ഒന്‍പതാം വാര്‍ഷികം കെസിഎഎന്‍എയില്‍ വച്ച് നവംബര്‍ എട്ടിനു ആഘോഷിച്ചു, 'സാഹിത്യത്തിന്റെ ലക്ഷ്യം' എന്ന വിഷയം ചര്‍ച്ച ചെയ്തു. സാഹിത്യത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഇന്നത്തെ സാഹചര്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ക്ഷീയതക്കെതിരെ സാഹിത്യകാരന്മാര്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ പ്രശസ്ത നരവംശശാസ്ര്തജ്ഞനും പണ്ഡിതനുമായ ഡോ. ഏ.കെ.ബി. പിള്ളയായിരുന്നു. വാല്മീകി ആദ്യകവിതയില്‍ തന്നെ മനവപുരോഗതി എന്ന സാഹിത്യത്തിന്റെ ലക്ഷ്യം അനുഗാനം ചെയ്തിട്ടുള്ളത് അനാവരണം ചെയ്തുകൊണ്ട് ജീവിതത്തിന്റെ അഗാധതകളേയും രഹസ്യങ്ങളേയും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുള്ള സാഹിത്യരചനകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു ഉത്തമസാഹിത്യകാരന്മാര്‍ സാഹിത്യത്തിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുകയില്ലെന്നു വാസുദേവ് പുളിക്കല്‍ പറഞ്ഞു.

ജനകീയതയും മതനിരപേക്ഷതയും പുലര്‍ത്തുന്ന, അമേരിക്കയിലെ സാഹിത്യപ്രസ്ഥാനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, സാഹിത്യകാരന്മാര്‍ നയിക്കുന്ന വിചാരവേദി 'സാഹിത്യത്തിന്റെ ലക്ഷ്യം' എന്ന വിഷയം ചര്‍ച്ചക്കെടുത്തത് ഉചിതമായി എന്ന പ്രസ്താവനയോടെയാണ് ഡോ. ജോയ് റ്റി. കുഞ്ഞാപ്പു പ്രസംഗം ആരംഭിച്ചത്.

ഡോ. എ. കെ. ബി. പിള്ള ഉപസംഹാരത്തില്‍ ചര്‍ച്ച വിലയിരുത്തുകയും എഴുത്തുകാരുടെ സാമുഹ്യപ്രതിബദ്ധതക്ക് എതിരായി സംസാരിച്ചു എന്ന് പറയുന്ന രണ്ടുപേരേയും സംബന്ധിപ്പിച്ചു കൊണ്ട് ഒരു ചര്‍ച്ചയ്ക്ക് വിചരവേദി വേദിയൊരുക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. വാസുദേവ് പുളിക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം