കേളി കേരളത്തിലെ ആദിവാസിക്കുട്ടികള്‍ക്കു സഹായധനം വിതരണം ചെയ്തു
Friday, November 13, 2015 7:30 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി കിന്റര്‍ ഫോര്‍ കിന്റര്‍ പദ്ധതി വഴി വിവിധങ്ങളായ സഹായങ്ങള്‍ വിതരണം ചെയ്തു.

സ്പോണ്‍സര്‍ഷിപ്പ്, സ്കോളര്‍ഷിപ്പ്, മൈക്രോ ക്രെഡിറ്റ് എന്നിവ വഴി കേരളത്തിലെ നാനൂറിലധികം കുട്ടികള്‍ക്ക് ഈ വര്‍ഷം സഹായം നല്‍കിയതായി കോ ഓര്‍ഡിനേറ്റര്‍ സോബി പറയംപിള്ളി അറിയിച്ചു.

അട്ടപ്പാടി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചു ആദിവാസി ഊരുകളില്‍ നിന്നും പ്ളസ്ടുവിനു പഠിക്കുന്ന സമര്‍ഥരായ നൂറു വിദ്യാര്‍ഥികള്‍ക്ക് കേളി സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.

ചടങ്ങില്‍ ഫാ. ബിജു മാപ്രാനത്തുകാരന്‍ അധ്യക്ഷത വഹിച്ചു. സുമനസുകളായ എല്ലാ സ്പോണ്‍സര്‍മാര്‍ക്കും സോഷ്യല്‍ സര്‍വീസ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പുളിക്കല്‍, കേളി പ്രസിഡന്റ് ബാബു കാട്ടുപാലം എന്നിവര്‍ നന്ദി അറിയിച്ചു.

മാര്‍ച്ച് 19നു കിന്റര്‍ ഫോര്‍ കിന്റര്‍ പദ്ധതി ഒരുക്കുന്ന ചാരിറ്റി ഷോ സൂറിച്ച് ഹോര്‍ഗന്‍ ഹാളില്‍ നടക്കുമെന്ന് സോബി പറയംപിള്ളില്‍, നിഷ ഐക്കരേട്ട്, സില്‍വിയ പറങ്കിമാലില്‍ എന്നിവര്‍ അറിയിച്ചു.

കേളി ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സഹായങ്ങളാണ് ഈ വര്‍ഷം കിന്റര്‍ ഫോര്‍ കിന്റര്‍ പദ്ധതിയിലൂടെ ചെലവഴിച്ചത്. ഇതിനോടകം സ്വിസ് മലയാളി കുട്ടികള്‍ അരക്കോടിയോളം രൂപ കേരളത്തിലെ കുട്ടികളെ സഹായിക്കുവാനായി കണ്െടത്തി. സ്വിസ് മലയാളി കുട്ടികള്‍ കേരളത്തിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭാസത്തിനുമാത്രം സഹായിക്കുന്ന പദ്ധതിയാണ് കിന്റര്‍ ഫോര്‍ കിന്റര്‍, ഇതു കൂടാതെ അംഗ വൈകല്യമുള്ളവരെ മാത്രം സഹായിക്കുന്ന മറ്റൊരു കേളി സംരംഭമാണ് തണല്‍. കേളിയുടെ കലാ സായാഹ്നങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി മാത്രം വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍