കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി പിന്തുണച്ച സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു
Friday, November 13, 2015 7:21 AM IST
ന്യൂജേഴ്സി: അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി പിന്തുണച്ച ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ സ്ഥാനാര്‍ത്ഥി റിപ്പബ്ളിക്കന്‍ നോര്‍മന്‍ ശ്മെല്‍ഡ് രണ്ടാം തവണയും വന്‍ വിജയം നേടി. കൂടാതെ ബര്‍ഗന്‍ കൌണ്ടി ലെജിസ്ളേറ്റര്‍മാരായി ഡെമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിച്ച ട്രേസി സൂര്‍, തോമസ് സള്ളിവന്‍ എന്നിവരും വിജയം കരസ്ഥമാക്കി.

വിജയിച്ച മൂന്നുപേരും കേരള കള്‍ച്ചറല്‍ ഫോറത്തിനോടും, ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനോടും പ്രത്യേകിച്ച് മലയാളികളോടും സൌഹൃദബന്ധം പുലര്‍ത്തുന്നവരാണ്. കേരളാ കള്‍ച്ചറല്‍ഫോറം രാഷ്ട്രീയത്തിന് അതീതമായി മലയാളികളെ സഹായിക്കുന്നവരെ പിന്തുണയ്ക്കുന്ന നയമാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്.

ഡെമോക്രാറ്റിക് പാര്‍ട്ടിക്കു വളരെ സ്വാധീനമുള്ളതും എല്ലാ കൌണ്‍സിലര്‍മാരും ഡെമോക്രാറ്റിക്കുകളുമായ ബര്‍ഗന്‍ഫീല്‍ഡില്‍ മേയര്‍ സ്ഥാനത്തേക്കു നേരിട്ട് നടന്ന മത്സരത്തില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ നോര്‍മന്‍ ശ്മെല്‍ഡ് വിജയിച്ചത്. മലയാളികളുടെ വോട്ടിന്റെ പിന്‍ബലം മാത്രമാണു വിജയിച്ചതെന്നു മേയര്‍ പ്രഖ്യാപിച്ചു.

വോട്ടിനു നാലു ദിവസം മുമ്പ് കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാദ് റസ്ററന്റില്‍ നടന്ന ഫണ്ട് റൈസിംഗില്‍ ഒരു മണിക്കൂര്‍കൊണ്ട് ആയിരം ഡോളറിനുമേല്‍ തുക മേയര്‍ സ്ഥാനാര്‍ഥിക്കു ശേഖരിച്ച് നല്‍കി.

മേയര്‍ സ്ഥാനാര്‍ഥിയും ഭാര്യയും, കൌണ്‍സില്‍ സ്ഥാനാര്‍ഥിയുമായിരുന്ന സിന്‍ഡിയും മലയാളികളുടെ കൂട്ടായ്മയെ സ്വാഗതം ചെയ്തു. കേരള കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് അഡ്വ. റോയി കൊടുമണ്ണിന്റെ അധ്യക്ഷതയില്‍ നടന്ന മീറ്റിംഗില്‍ സ്ഥാപക പ്രസിഡന്റും പേട്രനുമായ ടി.എസ് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ദാസ് കണ്ണംകുഴി, വെസ്റ് വുഡ് മുന്‍ കൌണ്‍സിലര്‍ ജോര്‍ജ് ജയിംസ്, ജംസണ്‍ കുര്യാക്കോസ്, പ്രിന്‍സ് മാത്യു, സീനിയര്‍ ജോണ്‍ മത്തായി, സീനിയര്‍ കെ.ജി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജോജി ചെറിയാന്‍ എം.ഡി മാസ്റര്‍ ഓഫ് സെറിമണിയായി യോഗത്തിനു നേതൃത്വം നല്‍കിയതും പരിപാടികള്‍ വന്‍ വിജയമാക്കി.

മുഖ്യപ്രാസംഗികനായ ടി.എസ്. ചാക്കോ തന്റെ പ്രസംഗത്തില്‍ ന്യൂനപക്ഷക്കാരായ മലയാളികള്‍ക്ക് ടൌണിലും കൌണ്ടിയിലും അര്‍ഹിക്കുന്ന ജോലിയും പരിഗണനയും ലഭിക്കണമെന്നുള്ളത് സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തി. മലയാളികളായ യുവാക്കളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ജംസണ്‍ കുര്യാക്കോസും, പ്രിന്‍സ് മാത്യുവും സംസാരിച്ചു. മീറ്റിംഗിനുശേഷം നടത്തിയ ഡിന്നര്‍ സല്‍ക്കാരത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം