കെഎച്ച്എന്‍എ ഡോളര്‍ എ ഗീത പരിപാടിക്കു ഷിക്കാഗോയില്‍ മികച്ച പ്രതികരണം
Friday, November 13, 2015 7:20 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ് ഗീത എന്ന ലക്ഷ്യത്തോടെ കെഎച്ച്എന്‍എ ആവിഷ്കരിച്ച ഭഗവദ് ഗീതാ പ്രചാരണ പരിപാടിക്കു ഷിക്കാഗോയില്‍ മികച്ച പ്രതികരണം.

ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ജയ് ചന്ദ്രനില്‍നിന്നു ഗീതാമണ്ഡല സ്ഥാപക അംഗങ്ങളില്‍ ഒരാളായ ശകുന്തള രാജഗോപാല്‍ ആദ്യ പ്രതി ഏറ്റു വാങ്ങി. കെഎച്ചഎന്‍എ പ്രതിനിധി അരവിന്ദ് പിള്ള ഗീതാവിതരണ ചടങ്ങുകള്‍ക്കുനേതൃത്വം വഹിച്ചു.

കെഎച്ച്എന്‍എയുടെ ഇത്തരം ഉദ്യമങ്ങള്‍ അമേരിക്കയിലെ മലയാളി ഹിന്ദുസമൂഹത്തിനു ഉണര്‍വേകുമെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു മുതല്‍ക്കൂട്ടാവുന്ന ഇത്തരം സംരംഭങ്ങള്‍ അവര്‍ക്ക് വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ പ്രചോദനം പകരുന്നതാണെന്നു ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വരും ആഴ്ചകളില്‍ അമേരിക്കയിലെ മറ്റു പ്രമുഖ നഗരങ്ങളിലും ഗീതാ പ്രചാരണ വര്‍ഷം ആചരിക്കുമെന്നു കെഎച്ച്എന്‍എ 'ഡോളര്‍ എ ഗീത' പരിപാടിക്കു ചുക്കാന്‍ പിടിക്കുന്ന കൃഷ്ണരാജ് മോഹനന്‍, രഞ്ജിത് നായര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം