മാതൃഭാഷയില്‍ ദിവ്യകാരുണ്യാരാധനയും വചനശുശ്രൂഷയും
Thursday, November 12, 2015 8:24 AM IST
വിയന്ന: വിയന്ന അതിരൂപതയുടെ നിര്‍ദേശപ്രകാരം കേരളത്തിലെ വിന്‍സെന്‍ഷ്യന്‍ സഭ ഏറ്റെടുത്തു നടത്തുന്ന മരിയ ഫോം സീഗെ ദേവാലയത്തില്‍ മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ദിവ്യകാരുണ്യ ആരാധനയും വചനശുശ്രൂഷയും നടക്കും. പ്രശസ്ത വചന പ്രഘോഷകര്‍ ശുശ്രൂഷകള്‍ നയിക്കും.

ആദ്യഘട്ടമെന്ന നിലയില്‍ നവംബര്‍ 14നു (ശനി) ഉച്ചകഴിഞ്ഞു 2.30 മുതല്‍ വൈകുന്നേരം ആറു വരെ വെസ്റ്ബാന്‍ഹോഫിനടുത്തുള്ള (ഫ്യുന്‍ഫ് ഹൌസ്) മരിയ ഫോം സീഗെ ധ്യാനകേന്ദ്രത്തില്‍ നടക്കും. വിശുദ്ധ കുര്‍ബാന ജപമാല, ദിവ്യകാരുണ്യ ആരാധന, ഗാനശുശ്രുഷ, വചനസന്ദേശം, മധ്യസ്ഥപ്രാര്‍ഥന, കൂട്ടായ്മാനുഭവം എന്നിവയില്‍ ഊന്നിയ ശുശ്രൂഷകളായിരിക്കും രണ്ടാം ശനിയാഴ്ചകളില്‍ നടക്കുന്നത്.

യുറോപ്പിലെ മറ്റു ചില രാജ്യങ്ങളില്‍ നടക്കുന്നതുപോലെ ഇതോടെ വിയന്നയിലും സ്ഥിരമായി ദിവ്യകാരുണ്യാരാധനയും വചനശുശ്രൂഷയും മാതൃഭാഷയില്‍ ആരംഭിക്കുന്നുവെന്ന പ്രത്യേകതയും ഈ ശുശ്രൂഷയ്ക്ക് ഉണ്ട്.

ആദ്യ ശുശ്രൂഷകള്‍ എന്ന നിലയില്‍ മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ധ്യാന പരിപാടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. മറ്റു ഭാഷകളിലുള്ള ധ്യാനങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കും. ഇത് ആദ്യമാണ് വിയന്നയില്‍ ഒരു സെന്ററിന്റെ കീഴില്‍ ബഹുഭാഷാ ശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം സെന്ററില്‍ വിവിധതരത്തിലുള്ള ശുശ്രൂഷകള്‍ ഇതിനോടകം എല്ലാ ദിവസവും നടന്നു വരുന്നുണ്ട്.

ജര്‍മനിയിലെ ബര്‍ലിനില്‍ സെന്റ് ക്ളെമന്‍സ് ദേവാലയത്തില്‍ വിന്‍സെഷ്യന്‍ സഭ നടത്തിവരുന്ന ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയ വിയന്ന അതിരൂപതാധ്യക്ഷന്‍ ഷോണ്‍ബോണ്‍ കര്‍ദ്ദിനാളിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണു വിന്‍സെന്‍ഷ്യന്‍ സഭ അവരുടെ പ്രവര്‍ത്തനം വിയന്നയില്‍ തുടങ്ങിയത്. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ജോര്‍ജ് വടക്കേക്കര വിസിയും ഫാ. സേവ്യര്‍ പൊങ്ങന്‍പാറ വിസിയുമാണു ധ്യാനകേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നത്.

വിവരങ്ങള്‍ക്ക്: 0043 6607 45 12 25.

റിപ്പോര്‍ട്ട്: ജോബി ആന്റണി