ആര്‍എസ്സി കുവൈത്ത് നാഷണല്‍ സാഹിത്യോത്സവ് നവംബര്‍ 13ന്
Thursday, November 12, 2015 8:23 AM IST
കുവൈത്ത്: റിസാല സ്റഡി സര്‍ക്കിള്‍ ഏഴാമത് ദേശീയ സാഹിത്യോത്സവ് നവംബര്‍ 13ന് (വെള്ളി) അബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ നടക്കും. കുവൈത്തിലെ നാലു സോണുകളില്‍നിന്നായി 300 പ്രതിഭകള്‍ 49 കലാ സാഹിത്യ ഇനങ്ങളില്‍ മത്സരിക്കുന്ന പ്രവാസിലോകത്തെ വലിയ പൈതൃക കലാമേളയാണു സാഹിത്യോത്സവ്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഉദ്ഘാടനസംഗമത്തില്‍ പ്രമുഖര്‍ പങ്കെടുക്കം.

മാപ്പിളപ്പാട്ട്, സംഘഗാനം, മദ്ഹ് ഗാനം, കഥ പറയല്‍, ഭാഷാ പ്രസംഗങ്ങള്‍, ജലഛായം, കഥ-കവിത രചനകള്‍, ലാംഗ്വേജ് ഗെയിം, ഗണിത കേളി, ദഫ്, മൌലിദ് പാരായണം, മാഗസിന്‍ നിര്‍മാണം, വിഷ്വല്‍ ഡോക്യുമെന്ററി തുടങ്ങിയ മത്സരങ്ങള്‍ പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നാലു വേദികളിലാണു സാഹിത്യോത്സവ് കലാ മത്സരങ്ങള്‍. ജലീബ്, ഫര്‍വാനിയ, സിറ്റി, ഫഹാഹീല്‍ എന്നീ നാലു ടീമുകളാണ് മാറ്റുരയ്ക്കുക. തനതു മാപ്പിള കലയുടെ പുനരാവിഷ്കാരങ്ങള്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ പ്രധാന വേദികളില്‍ അരങ്ങേറും.

സെപ്റ്റംബര്‍ പകുതിക്കു തുടക്കമായ സാഹിത്യോത്സവ് യൂണിറ്റ്, സോണ്‍ തലങ്ങളിലായി 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണു ദേശീയ മത്സരം സംഘടിപ്പിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാഹിത്യോത്സവ് പരിപാടികള്‍ ആസ്വദിക്കുന്നതിനു പ്രത്യേക സൌകര്യമൊരുക്കും. വൈകുന്നേരം ഏഴിനു നടക്കുന്ന സമാപന സംഗമത്തില്‍ സാമൂഹിക, സാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് അരിയല്ലൂര്‍ മുഖ്യാതിഥി ആയിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍