ഖുര്ത്വുബയില്‍ 'ഇസ്കോണ്‍ 2015' നവംബര്‍ 13,14 തീയതികളില്‍
Thursday, November 12, 2015 8:22 AM IST
കുവൈത്ത്: 'അറിവ് സമാധാനത്തിന്' എന്ന പ്രമേയവുമായി ഇസ്കോണ്‍ 2015 നാലാമത് ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സ് നവംബര്‍ 13,14 തീയതികളില്‍ ഖുര്ത്വുബ ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി നടക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനമായ 13നു (വെള്ളി) ഉച്ചകഴിഞ്ഞു 3.30ന് പ്രധാന വേദിയില്‍ 'മാറുന്ന ലോകം മാറുന്ന കുട്ടികള്‍' എന്ന വിഷയത്തില്‍ രക്ഷിതാക്കളുടെ സംഗമത്തില്‍ വിദ്യാഭ്യാസ മത രംഗത്തെ പ്രഗല്ഭര്‍ പങ്കെടുക്കും. ഫാറൂഖ് ട്രെയിനിംഗ് കോളജ് അസി. പ്രഫ. ടി. ജൌെഹര്‍ മുനവര്‍ വിഷയമവതരിപ്പിക്കും. പ്രഫ. ഹാരിസ് ബിന്‍ സലിം (എസ്എസ്എ കോളജ് അരീക്കോട്), എന്‍ജിനിയര്‍ അര്ഷദ് ബിന്‍ ഹംസ (ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളജ് ഐടി വിഭാഗം മേധാവി) എന്നിവര്‍ സംബന്ധിക്കും. അഷ്റഫ് എകരൂല്‍ (അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാഡമി കുവൈത്ത്) മോഡറേറ്ററായ പരിപാടിയില്‍ ചോദ്യോത്തര സെഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേ സമയം വേദി രണ്ടില്‍ കൊച്ചു കുട്ടികള്‍ക്കായി 'കളിച്ചങ്ങാടം' എന്ന പേരില്‍ ബാലസമ്മേളനം സംഘടിപ്പിക്കും. എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അംജദ് മദനി നേതൃത്വം നല്‍കും.

വൈകുന്നേരം 6.45ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഔഖാഫ് മന്ത്രാലയം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ദാവൂദ് അല്‍ അസൂസി ഉദ്ഘാടനം ചെയ്യും. കുവൈത്ത് പാര്‍ലമെന്റ് അംഗം ഡോ. അബ്ദുറഹ്മാന്‍ അല്‍ ജീറാന്‍ മുഖ്യാതിഥിയായിരിക്കും. ഷെയ്ഖ് ത്വാരിഖ് സാമി സുല്‍ത്താന്‍ അല്‍ ഈസ (ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അല്‍ ഇസ്ലാമി ചെയര്‍മാന്‍), ഷെയ്ഖ് ഫലാഹ് ഖാലിദ് അല്‍ മുത്വരി (ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അല്‍ ഇസ്ലാമി ഇന്ത്യന്‍ കോണ്ടിനന്റല്‍ ഹെഡ്) ഷെയ്ഖ് യൂസുഫ് അല്‍ ശുഐബ് (ഔഖാഫ് മന്ത്രാലയം) തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനവും വിസ്ഡം ബുക്സ് വില്പന ഉദ്ഘാടനവും ഉണ്ടായിരിക്കും. പി.കെ. അംജദ് മദനി (എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ്) 'അറിവ് സമാധാനത്തിന്' എന്ന വിഷയത്തിലും പ്രഫ. ഹാരിസ് ബിന്‍ സലിം (എസ്എസ്എ കോളജ് അരീക്കോട്) 'മനഃശാന്തി കുടുംബത്തിലൂടെ' എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തും. മുജാഹിദ് ബാലുശേരി 'ഇന്ത്യ: നമുക്കു വേണ്ടത് സൌഹാര്‍ദ്ദമോ സംഘര്‍ഷമോ?' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ജാതിമതഭേദമന്യേ മുഴുവന്‍ മലയാളികളെയും പൊതുസമ്മേളനത്തിലേക്കു പ്രതീക്ഷിക്കുന്നു.

നവംബര്‍ 14നു രാവിലെ 8.30നു പ്രധാന വേദിയില്‍ ആരംഭിക്കുന്ന വിദ്യാര്‍ഥി സമ്മേളനത്തില്‍ 'ജീവിത നിയോഗം', 'ഇസ്ലാം ശരിയായ ദര്‍ശനം', 'ഇസ്ലാമിക് പേഴ്സണാലിറ്റി', 'വിജയിക്കാന്‍ നാം അറിയേണ്ടത', 'സ്വര്‍ഗത്തിലേക്കുള്ള വാതില്‍', 'കാലിക മാറ്റങ്ങളില്‍ കാലിടറാതെ' തുടങ്ങിയ വിഷയങ്ങളില്‍ ഹാരിസ് ബിന്‍ സലീം, മുജാഹിദ് ബാലുശേരി, അര്‍ഷദ് ബിന്‍ ഹംസ, ജൌെഹര്‍ മുനവര്‍, അംജദ് മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഇസ്ലാഹി സെന്റര്‍ മദ്രസകളില്‍നിന്ന് ഏഴാം ക്ളാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മൊമെന്റോയും ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ രജിസ്റര്‍ ചെയ്ത വിദ്യര്‍ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനവും വിതരണം ചെയ്യും. ക്വിസ്, അടിക്കുറിപ്പ് എഴുതല്‍ തുടങ്ങി ക്രിയാത്മകമായ ഇടവേളകളും സംശയ ദുരീകരണത്തിനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ 'പഠനം ചിന്ത സമര്‍പ്പണം' എന്ന വിഷയത്തെ ആസ്പദമാക്കി മുജാഹിദ് ബാലുശേരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍