ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയും ഭക്തിനിര്‍ഭരമായി
Wednesday, November 11, 2015 8:29 PM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഭക്തിനിര്‍ഭരമായി.

ഒക്ടോബര്‍ 29നു (വ്യാഴം) വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ പള്ളികളില്‍നിന്നുള്ള നിരവധി വിശ്വാസികളും വൈദികരും സിസ്റേഴ്സും മാര്‍ ജോയ് ആലപ്പാട്ടും ജപമാലയിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്തു.

31നു (ശനി) വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും സമാപിച്ചു. സമാപന ശുശ്രൂഷക്ക് രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് മുളവനാല്‍, ഫാ. ഏബ്രഹാം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്