മഞ്ജു മണിക്കുട്ടനെ ആദരിക്കുന്നു
Wednesday, November 11, 2015 1:44 PM IST
അല്‍കോബാര്‍: ചുരുങ്ങിയ കാലംകൊണ്ടുതന്നെ കിഴക്കന്‍ പ്രവിശ്യയിലെ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയയായി മാറിയ ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ആദരിക്കുന്നു.

നവംബര്‍ 13നു നവയുഗം സാംസ്കാരിക വേദി റാക്ക ഈസ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന വാര്‍ഷിക ആഘോഷ പരിപാടിയിലെ കിഴക്കന്‍ പ്രവശ്യയിലെ പ്രമുഖ സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആദരിക്കുമെന്ന് യൂണിറ്റ് ഭാരവാഹികളായ റെജി സാമുവലും ബിജു വര്‍ക്കിയും അറിയിച്ചു

എറണാകുളം സ്വദേശിയായ മഞ്ജു മണിക്കുട്ടന്‍ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൌദിയില്‍ എത്തിയത്. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്ന സഫിയ അജിത്തുമായി ഉണ്ടായ സൌഹൃദമാണ് മഞ്ജു മണിക്കുട്ടനെ ജീവകാരുണ്യരംഗത്ത് എത്തിച്ചത്. വനിതാ തര്‍ഹീലിലെ അശരണരായ വനിതകളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെട്ടു കൊണ്ടിരുന്ന സഫിയ അടുത്ത സുഹൃത്തായിരുന്നു മഞ്ജു മാറി.

കാന്‍സര്‍ രോഗബാധിതയായിരുന്ന സഫിയ മരിച്ചതോടെ വനിതാ തര്‍ഹീലില്‍ സഫിയയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ പോയ കേസുകളുടെ ചുമതല മഞ്ജു ഏറ്റെടുക്കുകയായിരുന്നു. അത്തരം കേസുകള്‍ വളരെ പെട്ടെന്നു തന്നെ പൂര്‍ത്തീകരിച്ചു. തുടര്‍ന്നു വനിതാ തര്‍ഹീലിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല നവയുഗം മഞ്ജു മണിക്കുട്ടനു നല്‍കി.

കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ അമ്പതിലധികം സ്ത്രീകളെ വനിതാ തര്‍ഹീലില്‍ നിന്നും രക്ഷപെടുത്തി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ മഞ്ജു മണിക്കുട്ടനു കഴിഞ്ഞു. ഇന്ത്യന്‍ എംബസിയുടെ അംഗീകാരവും ഭര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പത്മനാഭന്റെ പ്രോത്സാഹനവും നവയുഗത്തിന്റെ പിന്തുണയും മഞ്ജുവിനു ഏറെ സഹായകമായി.

ദമാമിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്തു വരുന്ന മഞ്ജു നവയുഗം സാംസ്കാരിക വേദി അല്‍ ഖോബാര്‍ മേഖല കമ്മിറ്റി അംഗവും വനിതാ വിഭാഗം ഭാരവാഹിയുമാണ്. അഭിജിത്ത്, അഭിരാമി എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം