മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്ററല്‍ കൌണ്‍സില്‍ സമാപിച്ചു
Wednesday, November 11, 2015 1:39 PM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമതു പാസ്ററല്‍ കൌണ്‍സില്‍ സിഡ്നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്സ് സെന്ററില്‍ സമാപിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന കൌണ്‍സിലില്‍ ഓസ്ട്രേലിയയുടെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 24 അല്‍മായ പ്രതിനിധികളും രൂപതയില്‍ സേവനം ചെയ്യുന്ന 12 വൈദീകരും പങ്കെടുത്തു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൌണ്‍സിലിനു തുടക്കം കുറിച്ചു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന തിരുവചനത്തിന് ഊന്നല്‍ കൊടുത്തു കൊണ്ട് പരിശുദ്ധ പിതാവ് പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലും എറ്റവും മനോഹരമായി ആചരിക്കുവാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. കരുണയുടെ വര്‍ഷത്തിന്റെ സന്ദേശം രൂപതയിലെ എല്ലാ കുടുംബങ്ങളിലും യുവാക്കളിലും എത്തിക്കുവാന്‍ വിവിധ കര്‍മപരിപാടികള്‍ക്കു കൌണ്‍സില്‍ രൂപം നല്‍കി.

തുടര്‍ന്നു രൂപതയുടെ നിയമോപദേശകരായ ബില്‍ ഡി അപ്പീച്ചി, അന്ന ലൂയീസ് എന്നിവരെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി കൌണ്‍സിലിലേക്ക് സ്വാഗതം ചെയ്തു. പൌരസ്ത്യ കാനന്‍ നിയമങ്ങളുടെയും ഓസ്ട്രേലിയന്‍ സിവില്‍ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയമ ഘടനയെകുറിച്ച് ബില്‍ ഡി അപ്പീച്ചി വിശദീകരിച്ചു. ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ ഇടവകകളും മിഷനുകളുമായി ഔദ്യാഗികമായി രജിസ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ അന്ന ലൂയിസ് അവതരിപ്പിച്ചു.

ആധുനികലോകത്തില്‍ വിവാഹം, കുടുംബജീവിതം എന്നിവ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കാന്‍ബറ ആന്‍ഡ് ഗോള്‍ബേണ്‍ അതിരൂപത വികാരി ജനറാള്‍ ഫാ.ടോണി പേഴ്സി ക്ളാസുകള്‍ നയിച്ചു. വരുംതലമുറക്കു ക്രിസ്തീയ വിശ്വാസം പകര്‍ന്നു നല്‍കുന്ന വിശ്വാസ പരിശീലന കളരികളായി കുടുംബങ്ങള്‍ രൂപാന്തരപ്പെടണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ. ടിം ബ്രന്നന്‍, നരേലി മക്മഹന്‍, ആന്റണി മക്കാര്‍ത്തി, മാക്സ് ബ്രുയിന്‍സ്, പീറ്റര്‍ ഡുഹെര്‍ട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

രൂപതയുടെ പള്ളിയോഗ നിയമങ്ങള്‍ രൂപത ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരക്കല്‍ വിശദീകരിച്ചു. രൂപതയുടെ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.വര്‍ഗീസ് വാവോലി, കുടുംബ പ്രേഷിത വിഭാഗം ഡയറക്ടര്‍ ഫാ. ജോര്‍ജ് മങ്കൂഴിക്കരി, ബൈബിള്‍ പ്രേഷിത വിഭാഗം ഡയറക്ടര്‍ ഫാ. ഫ്രെഡി എലുവത്തിങ്കല്‍ എന്നിവര്‍ രൂപതയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. രൂപതയുടെ ഫിനാന്‍സ് പോളിസികളെക്കുറിച്ചു രൂപത ഫിനാന്‍സ് കമ്മിറ്റി അംഗം ആന്റണി ജോസഫ് വിശദീകരിച്ചു.

മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൌണ്‍സില്‍ രണ്ടാം ദിനം ആരംഭിച്ചു. വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവരുള്‍പ്പെടെ 11 വൈദീകര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു സീറോ മലബാര്‍ ആരാധനക്രമത്തെ കുറിച്ച് മംഗലപ്പുഴ സെമിനാരി മുന്‍ റെക്ടര്‍ ഫാ. ആന്റണി നരികുളം ക്ളാസുകള്‍ നയിച്ചു. മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു രൂപം നല്‍കേണ്ട വിവിധ കര്‍മപരിപാടികളെകുറിച്ചും കുടുംബജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാന്‍ രൂപത മക്കളെ പ്രാപ്തരാക്കുവാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വിശദമായി കൌണ്‍സില്‍ ചര്‍ച്ച ചെയ്തു. ഇതിനോടനുബന്ധിച്ചു വിവിധ പരിപാടികള്‍ക്കു രൂപം കൊടുക്കുവാന്‍ ഫാ. എഫ്രേം തടത്തില്‍, ഫാ. ജോര്‍ജ് മങ്കൂഴിക്കരി, ഫാ. സാബു ആടിമാക്കിയില്‍, ജോസ് കാച്ചപ്പിള്ളി, ജെസ്റിന്‍ ടോം, ജിജിമോന്‍ കുഴിവേലില്‍, ഷാനി റോഡ്നി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിച്ചു.

പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളിലിന്റെയും മാര്‍ ബോസ്കോ പുത്തൂരിന്റെയും നന്ദിപ്രസംഗങ്ങളോടെ പാസ്ററല്‍ കൌണ്‍സില്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍