ജര്‍മനി അഭയാര്‍ഥികളെ തിരിച്ചയച്ചു തുടങ്ങി
Wednesday, November 11, 2015 1:37 PM IST
ബര്‍ലിന്‍: ജര്‍മനിയിലെത്തിയ സിറിയന്‍ അഭയാര്‍ഥികളെ അവര്‍ ആദ്യമായി പ്രവേശിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു തിരിച്ചയച്ചു തുടങ്ങി. ഡബ്ളിന്‍ ഉടമ്പടി പ്രകാരമാണ് നടപടിയെന്ന് സര്‍ക്കാരിന്റെ വിശദീകരണം.

ഓഗസ്റ് മുതലിങ്ങോട്ട് സിറിയക്കാരുടെ കാര്യത്തില്‍ ഡബ്ളിന്‍ ഉടമ്പടി നോക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണ് ജര്‍മനി സ്വീകരിച്ചുവന്നിരുന്നത്. അതിര്‍ത്തികള്‍ നിര്‍ബാധം തുറന്നിടുന്ന സമീപനത്തിനെതിരേ ഭരണസഖ്യത്തിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പു രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം.

അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂണിയനിലെ ഏതു രാജ്യത്താണോ ആദ്യമെത്തുന്നത്, അവിടെ തന്നെ അഭയാര്‍ഥിത്വത്തിനു അപേക്ഷിക്കണമെന്ന്, അത് അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ മറ്റു രാജ്യങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്നുമാണ് ഡബ്ളിന്‍ ഉടമ്പടി അനുശാസിക്കുന്നത്.

ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലാണ് അഭയാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ നേരിട്ടെത്തുന്നത്. ഡബ്ളിന്‍ ഉടമ്പടി ഈ രാജ്യങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിറിയയില്‍നിന്നുള്ളവര്‍ക്കു മാത്രം ജര്‍മനി ഇളവു നല്‍കിവന്നിരുന്നത്. അതിര്‍ത്തി കടന്ന വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന അഭയാര്‍ഥികളില്‍ ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം ജര്‍മനി തന്നെയാണ്.

സിറിയന്‍ അഭയാര്‍ഥികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയം. മെയ്സ്യറുടേത് നിര്‍ദേശം മാത്രമാണെന്നും തീരുമാനമല്ലെന്നും സഹമന്ത്രിമാരും ചാന്‍സല്‍റിയും വരെ പറഞ്ഞിരുന്നെങ്കിലും ഫലത്തില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നത് ആ നിര്‍ദേശങ്ങള്‍ തന്നെയാണെന്നാണ് ആരോപണം. ഭരണ മുന്നണിയില്‍ പങ്കാളികളായ എസ്പിഡിക്കു നയം മാറ്റത്തില്‍ വ്യക്തമായ എതിര്‍പ്പുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍