അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൊയ്ത്തുല്‍സവം
Wednesday, November 11, 2015 1:34 PM IST
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൊയ്ത്തുത്സവം നവംബര്‍ 13നു (വെള്ളി) നടക്കുമെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.

ആദ്യ വിളവുകള്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ആദിമ സഭയിലെ പാരമ്പര്യം പിന്തുടര്‍ന്നാണ് കൊയ്ത്തുല്‍സവം ആചരിക്കുന്നത്. ഇപ്പോള്‍ വിവിധ സഭാ വിഭാഗങ്ങളിലെയും മതങ്ങളിലെയും വിശ്വാസികളുടെ സംഗമമായി കൊയ്ത്തുത്സവം മാറിയിരിക്കുന്നു.

ഇടവകാംഗങ്ങള്‍ വീടുകളില്‍ നിന്നും തയാറാക്കി എത്തിക്കുന്ന മലയാള തനിമ രുചിക്കുന്ന ഭക്ഷ്യ വിഭവങ്ങളാണ് മേളയുടെ മുഖ്യാകര്‍ഷണം. കപ്പയും മീന്‍കറിയും തട്ടുകട വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍, പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ പരമ്പരാഗത വിഭവങ്ങളുണ്ടാകും. പായസം, ബിരിയാണി, കുട്ടനാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയും ലഭ്യമാകും.

പഴയതും പുതിയതുമായ പുസ്തകങ്ങളുടെ വില്‍പന, കരകൌശല വസ്തുക്കള്‍, ഔഷധച്ചെടികള്‍ എന്നിവയും കൊയ്ത്തുല്‍സവ നഗരിയില്‍ ലഭ്യമാക്കും.

ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തകരുടെ ശിങ്കാരിമേളം ഗൃഹാതുരത്വം പകരും. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും..കൊയ്ത്തുല്‍സവത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച രാവിലെ 11നു നടക്കും. രണ്ടാംഘട്ടം വൈകുന്നേരം നാലിനു ആരംഭിക്കും.

ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി പവന്‍ കെ. റായ് സ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മുഖ്യാതിഥിയായിരിക്കും. വികാരി ഫാ. എം.സി. മത്തായി മാറാച്ചേരില്‍, സഹവികാരി ഫാ. ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി സ്റീഫന്‍ മല്ലേല്‍, ട്രസ്റി എ.ജെ. ജോയിക്കുട്ടി, ജോയിന്റ് കണ്‍വീനര്‍മാരായ റെജി സി. ഉലഹന്നാന്‍, ജോണ്‍ ഐപ്പ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള