മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്ററല്‍ കൌണ്‍സില്‍ സമാപിച്ചു
Wednesday, November 11, 2015 7:27 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമതു പാസ്ററല്‍ കൌണ്‍സില്‍ സിഡ്നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്സ് സെന്ററില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൌണ്‍സിലില്‍ ഓസ്ട്രേലിയയുടെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 അല്മായ പ്രതിനിധികളും രൂപതയില്‍ സേവനം ചെയ്യുന്ന 12 വൈദികരും പങ്കെടുത്തു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൌണ്‍സിലിന് ആരംഭം കുറിച്ചു. റോമില്‍ സമാപിച്ച സിനഡില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം, കുടുംബജീവിതം എന്നീ വിഷയങ്ങളാണു പാസ്ററല്‍ കൌണ്‍സില്‍ മുഖ്യമായും ചര്‍ച്ച ചെയ്തത്.

തുടര്‍ന്ന് രൂപതയുടെ നിയമോപദേശകരായ ബില്‍ ഡി അപ്പീച്ചി, അന്ന ലൂയീസ് എന്നിവരെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി കൌണ്‍സിലിലേക്കു സ്വാഗതം ചെയ്തു. പൌരസ്ത്യ കാനന്‍ നിയമങ്ങളുടെയും ഓസ്ട്രേലിയന്‍ സിവില്‍ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയമഘടനയെക്കുറിച്ച് ബില്‍ ഡി അപ്പീച്ചി വിശദീകരിച്ചു. ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ ഇടവകകളും മിഷനുകളുമായി ഔദ്യോഗികമായി രജിസ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ അന്ന ലൂയിസ് അവതരിപ്പിച്ചു.

ആധുനികലോകത്തില്‍ വിവാഹം, കുടുംബജീവിതം, എന്നിവ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കാന്‍ബറ ആന്റ് ഗോള്‍ബേണ്‍ അതിരൂപത വികാരി ജനറാള്‍ ഫാ. ടോണി പേഴ്സി ക്ളാസുകള്‍ നയിച്ചു. വരുംതലമുറയ്ക്കു ക്രിസ്തീയ വിശ്വാസം പകര്‍ന്നു നല്കുന്ന വിശ്വാസ പരിശീലന കളരികളായി കുടുംബങ്ങള്‍ രൂപാന്തരപ്പെടണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ. ടിം ബ്രന്നന്‍, നരേലി മക്മഹന്‍, ആന്റണി മക്കാര്‍ത്തി, മാക്സ് ബ്രുയിന്‍സ്, പീറ്റര്‍ ഡുഹെര്‍ട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

തുടര്‍ന്നു രൂപതയുടെ പള്ളിയോഗ നിയമങ്ങള്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ വിശദീകരിച്ചു. രൂപതയുടെ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.വര്‍ഗീസ് വാവോലി, കുടുംബ പ്രേഷിത വിഭാഗം ഡയറക്ടര്‍ ഫാ. ജോര്‍ജ് മങ്കൂഴിക്കരി, ബൈബിള്‍ പ്രേഷിത വിഭാഗം ഡയറക്ടര്‍ ഫാ. ഫ്രെഡി എലുവത്തിങ്കല്‍ എന്നിവര്‍ രൂപതയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. രൂപതയുടെ ഫിനാന്‍സ് പോളിസികളെകുറിച്ച് രൂപത ഫിനാന്‍സ് കമ്മിറ്റി അംഗം ആന്റണി ജോസഫ് വിശദീകരിച്ചു.

മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൌണ്‍സില്‍ രണ്ടാം ദിനം ആരംഭിച്ചു. വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവരുള്‍പ്പെടെ 11 വൈദികര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് സീറോ മലബാര്‍ ആരാധനക്രമത്തെ കുറിച്ച് മംഗലപ്പുഴ സെമിനാരി മുന്‍ റെക്ടര്‍ ഫാ. ആന്റണി നരിക്കുളം ക്ളാസുകള്‍ നയിച്ചു. മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് രൂപം നല്കേണ്ട വിവിധ കര്‍മപരിപാടികളെക്കുറിച്ചും കുടുംബജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാന്‍ രൂപതമക്കളെ പ്രാപ്തരാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായി കൌണ്‍സില്‍ ചര്‍ച്ച ചെയ്തു. ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ക്കു രൂപം കൊടുക്കാന്‍ ഫാ.എഫ്രേം തടത്തില്‍, ഫാ. ജോര്‍ജ്ജ് മങ്കുഴിക്കരി, ഫാ. സാബു ആടിമാക്കിയില്‍, ജോസ് കാച്ചപ്പിള്ളി,ജെസ്റിന്‍ ടോം, ജിജിമോന്‍ കുഴിവേലില്‍, ഷാനി റോഡ്നി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിച്ചു.

പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളിലിന്റെയും ബോസ്കോ പിതാവിന്റെയും നന്ദിപ്രസംഗങ്ങളോടെ പാസ്ററല്‍ കൌണ്‍സില്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍