കുടുംബ വീസയില്‍ പുതിയ പരിഷ്കാരങ്ങളുമായി കുവൈറ്റ്
Wednesday, November 11, 2015 7:26 AM IST
കുവൈറ്റ്: കുടുംബ വീസയുടെ കാലാവധി നിയന്ത്രണവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നു. ഫാമിലി വീസയിലുള്ളവരുടെ വിസാ കാലാവധി സ്പോണ്‍സറുടെ വീസാ കാലാവധിയുമായി ബന്ധിപ്പിക്കുവാനാണു പാസ്പോര്‍ട്ട്, പൌരത്വകാര്യ വിഭാഗം തീരുമാനിച്ചത്. പാസ്പോര്‍ട്ട് ഇഖാമ കാലാവധികള്‍ ബന്ധിപ്പിക്കുന്ന നിയമം രാജ്യത്ത് നിലവിലുണ്െടങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അടുത്തിടെയാണു ബോധവത്കരണം നടത്തി നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷമാണ് അധികൃതര്‍ ഇത് നടപ്പാക്കിത്തുടങ്ങിയത്. ഇതാണു പുതിയ നിയമത്തിലൂടെ കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.ഒട്ടേറെ സാങ്കേതികമായ പ്രശ്നങ്ങള്‍ക്കു പരിഹാരമായാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്. പുതുക്കിയ പാസ്പോര്‍ട്ടുകളില്‍ ഇഖാമ വിവരങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ചേര്‍ക്കാത്തവര്‍ക്ക് അധികൃതര്‍ പിഴ ചുമത്തിയിരുന്നു.

പുതിയ നിയമം നടപ്പാക്കുന്നതിനു മുമ്പ് പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നവര്‍ പാസ്പോര്‍ട്ട് പുതുക്കിയശേഷം പാസ്പോര്‍ട്ട്, താമസകാര്യ ഓഫീസുമായി ബന്ധപ്പെടണം. ഇഖാമയുടെ കാലാവധി തീര്‍ന്നിട്ടില്ലെങ്കിലും പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ നിരവധി വിദേശികളുണ്ട്. അവര്‍ പുതിയ നിയമം പ്രാബല്യത്തില്‍വരുന്നതിനുമുമ്പ് പാസ്പോര്‍ട്ട് പുതുക്കി ഇഖാമ വിവരങ്ങള്‍ അതിലേക്ക് മാറ്റണം. പാസ്പോര്‍ട്ട് പുതുക്കിയിട്ടും പഴയ പാസ്പോര്‍ട്ടില്‍നിന്ന് ഇഖാമ സംബന്ധമായ വിവരങ്ങള്‍ പുതിയ പാസ്പോര്‍ട്ടിലേക്ക് മാറ്റാത്തവരും എത്രയുംവേഗം അത് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍