നവോദയ ഇടപെടല്‍: തൊഴില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരമായി
Wednesday, November 11, 2015 7:24 AM IST
അല്‍ ഹസ: ശമ്പളവും മറ്റു സൌകര്യങ്ങളുമില്ലാതെ കഴിഞ്ഞ രണ്ടു മാസമായി പണിമുടക്കിലേര്‍പ്പെട്ട മൂവായിരത്തിലേറെ വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെ പരിഹാരമാവുന്നു. അല്‍ ഹസ മഹാസിനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണു ദുരിതത്തിലായത്. എഴായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഇന്ത്യക്കാരെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ളാദേശ്, ഈജിപ്റ്റ്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാരും ജോലി ചെയ്യുന്നുണ്ട്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതും, ഇക്കാമ പുതുക്കി നല്‍കാത്തതും, സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും, വെള്ളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിട്ടും നടപടിയില്ലാത്തതും, ചികിത്സാസൌകര്യം ലഭിക്കാത്തതുമാണ് തൊഴിലാളികളെ സമരത്തിലേക്കു തള്ളിവിട്ടത്.

തൊഴിലാളികള്‍ ആവശ്യപ്പെട്ടതനുസരിച്ച് നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, ഏരിയ പ്രസിഡന്റ് കൃഷ്ണന്‍ കൊയിലാണ്ടി എന്നിവര്‍ വിവരങ്ങള്‍ എംബസിയെ ധരിപ്പിച്ചതനുസരിച്ചു, എംബസി പ്രതിനിധികളായ അനില്‍ നോട്ടിയാല്‍, ഇന്‍ദാദു എന്നിവര്‍ സ്ഥലത്തെത്തി അഹ്സ, ദമാം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണു തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി നാട്ടിലെക്കയക്കാനും, മറ്റു തൊഴിലാളികളുടെ രേഖകള്‍ ശരിയാക്കി തൊഴില്‍ ചെയ്യാനും, ശമ്പള കുടിശികയും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിനും തീരുമാനമായത്. തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാവുന്നതിനായി കാത്തിരിക്കുകയാണ് തൊഴിലാളികള്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം