കൊച്ചു കുട്ടികളുടെ ഫോട്ടോകള്‍ ഫേസ്ബുക്കിലിടരുതെന്ന മുന്നറിയിപ്പുമായി ജര്‍മന്‍ പോലീസ്
Wednesday, November 11, 2015 7:24 AM IST
വിയന്ന : ധാരാളം മാതാപിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ മിടുക്കരാണെന്നു കാട്ടാന്‍ ദിവസവും ഫേസ്ബുക്കില്‍ നിരവധി ഫോട്ടോകള്‍ പോസ്റ് ചെയ്യാറുണ്ട്. അതു ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ആസ്വദിക്കാറുമുണ്ട്. ഇത്തരം പ്രവണതകള്‍ ഉടനടി അവസാനിപ്പിക്കുവാന്‍ ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം അഭ്യര്‍ഥിക്കുന്നു.

ജര്‍മന്‍ പൊലീസ് പോസ്റ് ചെയ്ത മുന്നറിയിപ്പില്‍ തങ്ങളുടെ കുഞ്ഞു കുട്ടികളുടെ നഗ്ന ഫോട്ടോകളും മറ്റും ദിനം പ്രതി ഫേസ്ബുക്കിലൂടെ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ മറ്റുള്ളവര്‍ക്കു കാണുവാന്‍ അവസരമൊരുക്കുന്നവര്‍ക്കു വ്യക്തമായ മുന്നറിയിപ്പാണു നല്‍കുന്നത്. കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതും ബീച്ചില്‍ കിടക്കുന്നതുമൊക്കെ പലരും പോസ്റ് ചെയ്യുന്നു. അതു കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

തത്കാലം കുഴപ്പമില്ലെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ സുന്ദര ഫോട്ടോകള്‍ അപകടകരമായി ഭവിക്കും. കുട്ടികളെ ബ്ളാക്ക്മെയില്‍ ചെയ്യുവാനോ മോര്‍ഫിംഗ് ചെയ്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ സാധ്യത ഉണ്ട്.

പെഡോഫൈല്‍ഡ് വിഭാഗത്തില്‍ പെട്ടവര്‍ ഈ ഫോട്ടോകള്‍ ദുരുപയോഗിക്കുന്നതിനും പിന്നീട് പ്രസിദ്ധീകരിക്കുന്നതിനും ഇടയുണ്ട്. ഇനി തങ്ങളുടെ കുട്ടികളുടെ ഫോട്ടോകള്‍ ബന്ധുക്കള്‍ക്കും ഏറ്റവും അടുപ്പമുള്ളവര്‍ക്കും കാണണമെങ്കില്‍ പ്രൈവസി സെറ്റിംഗ് ഉപയോഗിച്ച് മാത്രം ഫേസ് ബുക്കില്‍ പബ്ളിഷ് ചെയ്യുക എന്നാണു ജര്‍മന്‍ പോലിസ് നല്‍കുന്ന മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍