ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജനസഖ്യം റീജണല്‍ കലാമേള ചാമ്പ്യന്മാര്‍
Wednesday, November 11, 2015 7:22 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ യുവജനസഖ്യം സൌത്ത് -വെസ്റ് റീജണല്‍ കലാമേളയില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ സെപ്റ്റംബര്‍ 26-നു ശനിയാഴ്ച നടന്ന കലാമേളയില്‍ വ്യക്തിഗത, ഗ്രൂപ്പ് മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയാണ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജനസഖ്യം ഓവറോള്‍ ചാമ്പ്യന്‍മാരായത്. റീജണില്‍ വിവിധ ശാഖാ യുവജനസഖ്യാംഗങ്ങള്‍ ആവേശകമായ
മത്സരങ്ങളില്‍ മാറ്റുരച്ചു. സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനം നേടി.

ഒക്ടോബര്‍ 25-നു ഞായറാഴ്ച ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകയില്‍ നടന്ന കുടുംബദിന ആരാധനാമധ്യേ മാര്‍ത്തോമാ യുവജനസഖ്യം പ്രസിഡന്റും, അടൂര്‍-മലേഷ്യ-സിംഗപ്പൂര്‍ ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ട്രോഫികള്‍ വിതരണം ചെയ്തു. റീജണല്‍ കലാമേളയുടെ സമ്മാനങ്ങള്‍ യുവജനസഖ്യം പ്രസിഡന്റ് കൂടിയായ ബര്‍ണബാസ് തിരുമേനിയില്‍നിന്നു ഏറ്റുവാങ്ങാനിടയായത് ഭാഗ്യമായി കരുതുന്നുവെന്നു ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവക വികാരി റവ. സജി പി.സിയും, യുവജസഖ്യം സെക്രട്ടറി ജോബി ജോണും അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം