കുവൈറ്റ് സ്വകാര്യമേഖലയില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു
Tuesday, November 10, 2015 7:45 AM IST
കുവൈറ്റ്: സ്വകാര്യ മേഖലയില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനിക്കാനിരിക്കെ 58,010 തൊഴില്‍ കരാറുകളാണു ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ആപേക്ഷിച്ച് വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാര്‍ഹികമേഖലയില്‍ 22,234 പുരുഷന്മാരുടെയും ഏഴു വനിതകളുടെയും തൊഴില്‍ കരാറുകളാണു സാക്ഷ്യപ്പെടുത്തിയത്. കരാര്‍ സാക്ഷ്യപ്പെടുത്തലിനു ജൂണ്‍ മുതല്‍ വെബ്സൈറ്റ് വഴിയുള്ള ഇമൈഗ്രേറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുതാര്യമായ ഈ സംവിധാനത്തില്‍ തൊഴില്‍ കരാര്‍, വിസ പകര്‍പ്പ്, സ്പോണ്‍സറെ ബന്ധപ്പെടേണ്ട വിവരങ്ങള്‍, എമിഗ്രേഷന്‍ ക്ളിയറന്‍സ് രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടിരിക്കണം. ഈ സംവിധാനം തൊഴിലാളിയുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു സഹായകമാണെന്നും ഇ-മൈഗ്രേറ്റുമായി ബന്ധപ്പെട്ട എംബസി ഹെല്‍പ്ഡെസ്കും ആരംഭിച്ചതായും എംബസി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍