റിയ വോളിബാള്‍ടൂര്‍ണ്ണമെന്റ്: അറബ്കോ ജേതാക്കള്‍
Tuesday, November 10, 2015 7:44 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷനും (റിയ) അല്‍ബാബ്തൈന്‍ കമ്പനിയും സംയുക്തമായി നടത്തിയ വോളിബാള്‍ ടൂര്‍ണമെന്റില്‍ ശക്കര്‍ഗൂര്‍ ക്ളബിനെ പരാജയപ്പെടുത്തി അറബ്കോ ജേതാക്കളായി. അഞ്ചു സെറ്റുകളുള്ള കളിയില്‍ ഒന്നിനെതിരേ മൂന്ന് സെറ്റിനാണ് അറബ്കോ ജയിച്ചത്. ആദ്യത്തേതും അവസാനത്തെ രണ്ടും സെറ്റുകള്‍ അറബ്കോയും ഒരു സെറ്റ് ശക്കര്‍ഗുര്‍ ക്ളബും നേടി. ഓരോ സെറ്റും ജയിക്കാന്‍ 25 പോയിന്റു വീതമാണു വേണ്ടിയിരുന്നത്. ഇരുടീമുകള്‍ നാലു കളികളിലും ഇഞ്ചോടിഞ്ച് പോരാടി തുല്യ പോയിന്റ്  നിലനിര്‍ത്തിയാണു മുന്നേറിയത്. വിജയികളായ അറബ്കൊ ടീമിനു പ്രസിഡന്റ് മോഹന്‍ പൊന്നാത്തും സഹ ഭാരവാഹികളും ചേര്‍ന്ന് ട്രോഫിയും 3000 റിയാലിന്റെ കാഷ് അവാര്‍ഡും സമ്മാനിച്ചു. റണ്ണര്‍ അപ്പായ ശക്കര്‍ഗുര്‍ ക്ളബിന് ട്രോഫിയും 2000 റിയാലിന്റെ കാഷ് അവാര്‍ഡും ലഭിച്ചു. അറബ്കോ ടീമില്‍ കളിച്ച എല്ലാവര്‍ക്കും സ്വര്‍ണ മെഡലും ശക്കര്‍ഗുര്‍ ക്ളബ് ടീം അംഗങ്ങള്‍ക്ക് വെള്ളി മെഡലും വിതരണം ചെയ്തു.

അല്‍ബാബ്തൈന്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് സമാപന പരിപാടിയില്‍ സംഘടനയില്‍ അംഗമായിരിക്കെ മരിച്ച വീരപ്പ കുമാറിന്റെ കുടുംബത്തിനുള്ള ധനസഹായമായ രണ്ടു ലക്ഷത്തി പതിനേഴായിരം രൂപയുടെ ചെക്ക് സെക്രട്ടറി അബ്ദുല്ല ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഏലിയാസിനു കൈമാറി. റിയാദ് അല്‍ബാബ്തൈന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന വീരപ്പ കുമാര്‍ മൂന്നു മാസം മുമ്പാണു ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യയും രണ്ടു പെണ്‍കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് ഉണ്ടായിരുന്ന തണലാണ് ഇല്ലാതായത്. സ്വന്തമായി വീടില്ലാതിരുന്നതിനാല്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുകയാണ്. 

അല്‍ബാബ്തൈന്‍ കമ്പനിയിലെ 35 വര്‍ഷത്തെ സേവനത്തിനുശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന റിയ അംഗം ഇബ്രാഹിമിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റിയ കലാ-സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ഉമര്‍കുട്ടി പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍