കെ.എം. മാണിയുടെ രാജി അനിവാര്യം: ഒഐസിസി റിയാദ്
Tuesday, November 10, 2015 7:44 AM IST
റിയാദ്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നും യുഡിഎഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അതു ഗുണകരമാകുമെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ തന്നെ മാണി രാജിവച്ചൊഴിയേണ്ടതായിരുന്നു. യുഡിഎഫിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കാതെ മാണി സ്വയം തീരുമാനമെടുക്കേണ്ടതായിരുന്നു. ജനങ്ങളുടെ മുന്‍പില്‍ വിശ്വാസ്യത തെളിയിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല.

മാണി രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് മാണിയെ മന്ത്രിസഭയില്‍നിന്നു മറ്റി നിര്‍ത്തണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു. ആറു മാസം കഴിഞ്ഞാല്‍ ജനവിധി തേടി ജനങ്ങളുടെ കോടതിയെ സമീപിക്കേണ്ടതുള്ളതിനാല്‍ യുഡിഎഫ് പ്രതിച്ഛായ മെച്ചപ്പെടുത്തണം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ ബാര്‍കോഴ കേസ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജയത്തിനു കാരണമായിട്ടുണ്ട്. ഇനിയും ഇതു തുടരാന്‍ അനുവദിക്കരുതെന്നും എത്രയും പെട്ടെന്നു മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നും ഒഐസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍