ഓസ്ട്രിയയില്‍ റോഡപകടങ്ങള്‍ കൂടി, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ
Tuesday, November 10, 2015 7:43 AM IST
വിയന്ന: വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കാരണം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ ഈടാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഓസ്ട്രിയയില്‍ പോയ വര്‍ഷം വാഹനാപകടങ്ങള്‍ 27 ശതമാനം വര്‍ധിച്ചിരുന്നു.

ഇതിനു പ്രധാന കാരണം ഡ്രൈവിംഗിനിടയില്‍ ഫോണില്‍ പരിശോധിക്കുന്നതു മൂലമാണ്. അതായത് മെയിലോ, വാട്ട്സ് ആപ്, ഫെയ്സ്ബുക്ക് ഇവ പരിശോധിക്കുന്നതിനിടെയാണ് 90 ശതമാനം അപകടങ്ങളും ഉണ്ടായത്. ഓസ്ട്രിയയില്‍ ഉണ്ടായ എല്ലാ മൂന്നിലൊന്ന് അപകടങ്ങളുടെയും കാരണം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതാണ്.

അതുകൊണ്ട് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ നിരോധന നിയമം ശക്തമായി നടപ്പിലാക്കുന്നതിനു ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ ബ്ളൂടൂത്ത് ഉപയോഗിച്ച് ഫോണില്‍ സം സാരിക്കുന്നതു ശിക്ഷാര്‍ഹമല്ല. മോട്ടോര്‍ വാഹന നിയമംഅനുസരിച്ച് ഹാന്‍ഡ് ഫ്രീ ആയി ഫോണ്‍ ചെയ്യുവാന്‍ അനുവദിക്കുന്നു. എന്നാല്‍ വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ചെറുതായി പോലും വാട്ട്സ് ആപ്, ഫെയ്സ് ബുക്ക്, ഇ-മെയില്‍ ഇവയിലേക്കു കണ്ണോടിച്ചാല്‍ കടുത്ത പിഴ ശിക്ഷയൊടുക്കേണ്ടി വരും.

നിലവില്‍ 50 യൂറോ പിഴയെന്നതു വര്‍ധിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. പോലീസ് നേരിട്ട് പെനാല്‍റ്റി എഴുതി തരുന്നതിനു പകരം തപാല്‍ മാര്‍ഗമായിരിക്കും പിഴയടയ്ക്കുവാനുള്ള പേപ്പര്‍ വാഹനമോ
ടിച്ചയാള്‍ക്കു ലഭിക്കുക. ഇനി മൊബൈല്‍ ഫോണ്‍ നാവിഗേഷന്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും മൊബൈല്‍ കാറില്‍ ഫിറ്റ് ചെയ്തുവേണം ഉപയോഗിക്കുവാന്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍