ലോകകപ്പ് വേദിക്കു കോഴ: ജര്‍മന്‍ ഫുട്ബോള്‍ മേധാവി രാജിവച്ചു
Tuesday, November 10, 2015 7:43 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് വോള്‍ഫ്ഗാങ് നീര്‍സ്ബാഹ് രാജിവച്ചു. 2006ലെ ലോകകപ്പ് വേദി സ്വന്തമാക്കാന്‍ ഫിഫയിലെ നാലു ഏഷ്യന്‍ പ്രതിനിധികള്‍ക്കു ജര്‍മനി കോഴ കൊടുത്തെന്ന ആരോപണമാണു കാരണം.

ഇതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്ന് നീര്‍സ്ബാഹ് പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) തന്നില്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭവം നടക്കുമ്പോള്‍ ഡിഎഫ്ബി മേധാവിയായിരുന്നില്ല നീര്‍സ്ബാച്ച്. എന്നിട്ടും രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അദ്ദേഹം കാണിച്ച ധാര്‍മികത ബഹുമാനിക്കപ്പെടേണ്ടതാണെന്നു ജര്‍മന്‍ ഫുട്ബോള്‍ ലീഗ് മേധാവി റെയ്നാര്‍ഡ് റൌബോള്‍.

പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റുമാരായ റൌബോളും റെയ്നര്‍ കോച്ചുമായിരിക്കും തത്കാലം ഡിഎഫ്ബിയുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

27 വര്‍ഷമായി ഡിഎഫ്ബിയില്‍ പ്രവര്‍ത്തിക്കുന്ന നീര്‍സ്ബാഹ് പ്രസിഡന്റായിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. 2006ലെ ലോകകപ്പ് സംഘാടക സമിതിയില്‍ അദ്ദേഹവും അംഗമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍