ജര്‍മനിയില്‍ പരുമല തിരുനാള്‍ ആഘോഷിച്ചു
Tuesday, November 10, 2015 7:43 AM IST
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍/ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 113-ാമത് ഓര്‍മപ്പെരുനാള്‍ കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍ 7, 8 തീയതികളില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വം ആഘോഷിച്ചു.

ഏഴിനു (ശനി) വൈകുന്നേരം 4.30 നു സന്ധ്യാപ്രാര്‍ഥന, ഫാ. വിനു വര്‍ഗീസിന്റെ പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ ഉണ്ടായിരുന്നു.

പെരുന്നാള്‍ ദിനമായ എട്ടിനു (ഞായര്‍) രാവിലെ പത്തിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയും, രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാര്‍ഥനയും, റാസയും, നേര്‍ച്ചവിളമ്പും, സമൂഹവിരുന്നും ഉണ്ടായിരുന്നു.

ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും റോമിലെ ഗ്രിഗോറിയോസ് യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്ന ഫാ. വിനു വര്‍ഗീസ് കാര്‍മികത്വം വഹിച്ചു.

ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേരാനും വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. ആഘോഷങ്ങള്‍ക്ക് ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍, തോമസ് പഴമണ്ണില്‍ (ട്രസ്റി), ജിത്തു കുര്യന്‍, സണ്ണി തോമസ്, തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍