റെയിന്‍ബോ സോക്കറിന് ജയം, അസീസിയ സോക്കറും ലാന്റേണ്‍ എഫ്സിയും സമനിലയില്‍
Monday, November 9, 2015 6:46 AM IST
റിയാദ്: റിയാദ്വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ അഞ്ചാമത്തെ ആഴ്ച്ച നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ അസീസിയ സോക്കറും ലാന്റേണ്‍ എഫ്സിയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ റെയിന്‍ബോ സോക്കര്‍ ജേതാക്കളായി. റോയല്‍ ട്രാവല്‍സാണ് മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നത്

അസീസിയ സോക്കറും ലാന്റേണ്‍ എഫ്സിയും തമ്മില്‍ നടന്ന ആദ്യത്തെ മല്‍സരത്തില്‍ ഇരു ടീമുകളും കളിയിലുടനീളം തുല്യ പോരാട്ടമാണ് കാഴ്ച്ചവച്ചത്. ഗോളെന്നുറച്ച ഒന്നുരണ്ട് അവസരങ്ങള്‍ ഇരു ടീമുകളുടെയും ഗോള്‍കീപ്പര്‍മാര്‍ സമര്‍ത്ഥമായി രക്ഷപെടുത്തി. അസ്സീസിയ സോക്കറിന്റെ മുന്‍നിര കളിക്കാരായ മനാഫ്, അല്‍താഫ്, ഷബീറലി എന്നിവരും ലാന്റേണ്‍ എഫ്സിയുടെ മുഫാസിദ് നൂറുല്‍അമീന്‍ എന്നിവരും നല്ല പ്രകടനമാണ് കാഴ്ച്ചവച്ചത്. എങ്കിലും ഇരു ടിമുകള്‍ക്കും ആദ്യപകുതിയില്‍ ഗോള്‍ പട്ടിക തുറക്കാനായില്ല. രണ്ടാം പകുതി ലാന്റേണ്‍ എഫ്സിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയതെങ്കിലും അസ്സീസിയ സോക്കറിന്റെ ശക്തമായ പ്രതിരോധത്തില്‍ തട്ടി മടങ്ങുകയായിരുന്നു. പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത അസ്സീസിയ സോക്കര്‍ മനാഫിന്റെ നേതൃത്വത്തില്‍ നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും മുതലാക്കാന്‍ ഫോര്‍വേര്‍ഡുകള്‍ക്കായില്ല. അവസാന മിനുറ്റില്‍ ബോക്സിനടുത്ത്വച്ച് ലാന്റേണ്‍ എഫ്സിക്ക് കിട്ടിയ ഫ്രീ കിക്ക് മുഫാസിദ് പാഴാക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും ഗോള്‍ പട്ടിക തുറക്കാനാകാതെ കളി സമനിലയില്‍ പിരിഞ്ഞു.

റെയിബോ സോക്കറും ഒബയാര്‍ ട്രാവല്‍സും തമ്മില്‍ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഡിന്‍സണ്‍ ഡേവിസിന്റെ നേതൃത്വത്തില്‍ ഒബയാര്‍ ട്രാവല്‍്സിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. ആദ്യ പകുതിയില്‍ ഒന്നു പതറിയ റെയിന്‍ബോ ആരിഫ്, സലീല്‍, തൌഫീക്ക് എന്നീ മുന്‍നിര താരങ്ങളുടെ മികച്ച കളിയിലൂടെ ആധിപത്യം കയ്യടക്കി. തുടര്‍ന്ന് 23-ാം മിനിറ്റില്‍ സലീലിനെ ബോക്സില്‍ വച്ച് ഫൌള്‍ ചെയ്തതിന് റെയിന്‍ബോക്ക് കിട്ടിയ പെനാല്‍റ്റി ബഹാവുദ്ദീന്‍ ഗോളാക്കുകയായിരുന്നു. ഈ ഗോള്‍ വഴങ്ങിയതോടെ കളിയുടെ ആധിപത്യം പൂര്‍ണ്ണമായും റെയിന്‍ബോ ഏറ്റെടുത്തു. രണ്ടാം പകുതിയില്‍ റെയിന്‍ബോ നടത്തിയ ചില മുന്നേറ്റങ്ങളോഴിച്ച് പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇരു ടീമുകളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. എങ്കിലും അധിക സമയവും കളിയുടെ നിയന്ത്രണം റെയിന്‍ബോക്കായിരുന്നു. ഇരു ടീമുകള്‍ക്കും രണ്ടാം പകുതിയില്‍ ഗോളൊന്നും അടിക്കാന്‍ കഴിയാതെ കളി 1-0 എന്ന നിലയില്‍ റെയിന്‍ബോ നേടുകയായിരുന്നു.

മത്സരങ്ങള്‍ക്കു മുന്നോടിയായി റോയല്‍ ട്രാവല്‍സ് മാനേജര്‍ ഹാരിസ് കാവുങ്കല്‍, മറ്റ് വിശിഷ്ടാതിഥികള്‍, കേളി ഭാരവാഹികള്‍ എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ലാന്റേണ്‍ എഫ്സിയുടെ മുഫാസിദിനെ ആദ്യത്തെ മത്സരത്തിലെയും റെയിന്‍ബോ സോക്കറിന്റെ ആരിഫിനെ രണ്ടാമത്തെ മത്സരത്തിലെയും ഏറ്റവും നല്ല കളിക്കാരായി തെരഞ്ഞെടുത്തു. സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

ടൂര്‍ണ്ണമെന്റിന്റെ ആറാമത്തെ ആഴ്ച്ചയായ അടുത്ത വെള്ളിയാഴ്ച്ച 4.30 ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കറും സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരളയും തമ്മില്‍ ഏറ്റുമുട്ടും. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍