കോഴിക്കോട് എയര്‍പോര്‍ട്ട്: യാത്രാ ക്ളേശം പരിഹരിക്കുന്നതിനു സമ്മര്‍ദ്ദം ചെലുത്തും
Sunday, November 8, 2015 7:26 AM IST
ദമാം: റീകാര്‍പറ്റിംഗിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള സെക്ടറുകളില്‍ കുറവുവന്ന സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ യാത്രക്കാര്‍ക്കു സൌകര്യപ്രദമായ എയര്‍ബസ് എ330 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ സെക്ടറില്‍ കൊണ്ടുവരുവാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പരിശ്രമിക്കുമെന്നു ദമാം കാലിക്കട്ട് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം കോര്‍കമ്മിറ്റി അറിയിച്ചു.

എ 330 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് 204 ടണ്‍ വഹിച്ച് നിലവിലെ കരിപ്പൂരിലെ സൌകര്യം ഉപയോഗപ്പെടുത്തി ലാന്‍ഡിംഗിനു സാധ്യമാകും. ഇതുവഴി എമിറേറ്റ്സ്, സൌദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികള്‍ക്ക് സര്‍വീസ് പുനഃസ്ഥാപിക്കാന്‍ സാധിക്കുന്നതിലൂടെ മലബാര്‍ മേഖലയില്‍ നിന്നുള്ളവരുടെ യാത്ര ദുരിതത്തിനു 90 ശതമാനവും പരിഹാരം കാണാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. റീകാര്‍പറ്റിംഗ് കഴിയുന്നതുവരെ ഈ സംവിധാനം അനിവാര്യമാണെന്നു യോഗം വിലയിരുത്തി.

എയര്‍പോര്‍ട്ട് ഡയറക്ടര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കാലിക്കട്ട് യൂസേഴ്സ് ഫോറം നടത്തി വരുന്ന ശ്രമങ്ങള്‍ ഊര്‍ജിതമാക്കുവാനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രതിനിധികളെ നാട്ടിലേക്ക് അയയ്ക്കാനും തീരുമാനിച്ചു.

ചെയര്‍മാന്‍ അഹ്മദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നജാത്തി സ്വാഗതം ആശംസിച്ചു. ടി.പി.എം. ഫസല്‍, സി. അബ്ദുള്‍ ഹമീദ് എന്നിവര്‍ നിലവിലെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥിതി വിശദീകരിച്ചു. അബ്ദുള്‍ മജീദ് കൊടുവള്ളി, റഷീദ് ഉമ്മര്‍, നജീബ് അരഞ്ഞിക്കല്‍, ഫിറോസ് കോഴിക്കോട്, ജമാല്‍ വില്ല്യാപ്പള്ളി, അന്‍വര്‍ മഹാദേശി, ആലിക്കുട്ടി ഒളവട്ടൂര്‍, ജാഫര്‍ കൊണ്േടാട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം