അബുദാബിയില്‍ മലബാര്‍ ഗോള്‍ഡ് പുതിയ ഷോറൂം തുറന്നു
Sunday, November 8, 2015 7:25 AM IST
അബുദാബി: മധ്യപൂര്‍വ ദേശത്തെ ഏറ്റവുംവലിയ ഷോറൂം മലബാര്‍ ഗോള്‍ഡ് അബുദാബിയില്‍ തുറന്നു. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള അരലക്ഷത്തിലധികം കമനീയ ആഭരണങ്ങളുമായി ആയിരക്കണക്കിനു ആരാധകരെ സാക്ഷിയാക്കി ബോളിവുഡ് നടി കരീന കപൂറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഹംദാന്‍ സ്ട്രീറ്റില്‍ രണ്ടു നിലകളിലായാണു പുതിയ വ്യാപാര കേന്ദ്രം.

35 ലക്ഷം ദിര്‍ഹം ചെലവില്‍ 30 കിലോ സ്വര്‍ണം ഉപയോഗിച്ച് 18 കാരറ്റില്‍ നിര്‍മിച്ചിരിക്കുന്ന അബുദാബി ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്ക്കിന്റെ മാതൃക ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യ, യുഎഇ, സൌദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ വന്‍ നിക്ഷേപ പദ്ധതിയാണ് ഗ്രൂപ്പ് തയാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസൃതമായി കൂടുതല്‍ മികച്ച രൂപകല്‍പ്പനയോടെ അത്യാധുനിക ഷോറൂമുകളാകും മലബാര്‍ ഗോള്‍ഡ് തുറക്കുക. 700 ദശലക്ഷം ഡോളറിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി കുതിക്കുന്ന മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് 2018ല്‍ 220 ഷോറൂമുകള്‍ ആരംഭിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ആറു മാസങ്ങള്‍ക്കുള്ളില്‍ 22 പുതിയ കേന്ദ്രങ്ങള്‍ തുറക്കും.

ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ഷംലാല്‍ അഹമദ്, ഏക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം, കോര്‍പറേറ്റ് ഏക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള