സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു വികലാംഗര്‍ക്കു സഹായഹസ്തവുമായി കേളി
Saturday, November 7, 2015 11:21 AM IST
സൂറിച്ച്: അംഗവൈകല്യം മൂലം സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ഒരു മലയാളി സംഘടന രംഗത്തുവന്നു. കേരള എന്ന സംഘടന വിഭിന്ന ശേഷിയുള്ളവരെ സഹായിക്കുവാന്‍ 'തണല്‍' എന്ന പദ്ധതിവഴിയാണ് ഈ വര്‍ഷം വിവിധ സഹായങ്ങള്‍ നല്‍കിയത്.

കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ബഡ്സ് സ്കൂളുകള്‍ക്ക് കേളിയുടെ സഹായധനം കടുങ്ങല്ലൂര്‍ ബഡ്സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ കൈമാറി. 8.9 ലക്ഷം രൂപയുടെ ചെക്ക് കേളിയുടെ സോഷ്യല്‍ വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പുളിക്കല്‍, ഷൈനി പുളിക്കല്‍ എന്നിവര്‍ കടുങ്ങല്ലൂര്‍ ബഡ്സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ രാജഗിരി ഔട്ട് റീച്ച് പ്രോജക്ട് മാനേജര്‍ എം.പി. ആന്റണിക്കു കൈമാറി. ചടങ്ങില്‍ കടുങ്ങല്ലൂര്‍ ബഡ്സ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.

വിഭിന്ന ശേഷിയുള്ള നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു കേരളത്തിലെ പഞ്ചായത്ത് തലത്തില്‍ തുടങ്ങിയ നൂതന സംരംഭമാണ് ബഡ്സ് സ്കൂളുകള്‍. കേളിയുടെ സോഷ്യല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൂറിച്ച് വെറ്റ്സികോണില്‍ നടത്തിയ ചാരിറ്റി ഷോ വഴിയാണ് ഇതിനുവേണ്ട ധന സമാഹരണം നടത്തിയത്. കേളിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, പള്ളികള്‍ എന്നിവര്‍ക്ക് സോഷ്യല്‍ വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പുളിക്കല്‍ നന്ദി പറഞ്ഞു.

ഇതിനോടകം ഒന്നര കോടി രൂപയ്ക്കുമേലുള്ള സഹായങ്ങളാണ് കേളി കേരളത്തില്‍ ചെയ്തത്. കേളിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ സാമൂഹ്യ പ്രവര്‍ത്തനത്തിനുവേണ്ടി മാത്രം കേളിയില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

നല്ലവരായ സ്വിസ് മലയാളികളുടെ നിര്‍ലോഭ സഹായവും സ്വിറ്റ്സര്‍ലന്‍ഡിലെ പൌരന്മാരുടെ നിറഞ്ഞ പിന്തുണയുമാണു പദ്ധതി വിജയകരമാക്കാനായതെന്നു പ്രസിഡന്റ് ബാബു കാട്ടുപാലം അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍