യുക്മ സാഹിത്യമത്സരം: കാവാലം നാരായണ പണിക്കര്‍ക്കൊപ്പം പ്രമുഖ സാഹിത്യപ്രതിഭകള്‍ വിധി നിര്‍ണയം നടത്തും
Saturday, November 7, 2015 11:18 AM IST
ലണ്ടന്‍: യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗാത്മകതയുമുള്ള പ്രതിഭകളെ കണ്െടത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണയം നടത്തുന്നത് പ്രശസ്ത സാഹിത്യപ്രതിഭകളായ കാവാലം നാരായണപ്പണിക്കര്‍, പി.ജെ. ആന്റണി, ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, മീര കമല എന്നിവരാണ്.

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണു ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇരുനൂറിലധികം രചനകളാണു ലഭിച്ചത്. ലഭിച്ച രചനകളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ഉടനെ പ്രഖ്യാപിക്കുന്നതാണ്. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ 21നു ഹണ്ടിംഗ്ടണില്‍ നടക്കുന്ന ദേശീയ കലാമേളയുടെ വേദിയില്‍ സമ്മാനിക്കുമെന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ടില്‍, ജനറല്‍ സെക്രട്ടറി സജീഷ് ടോം, സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എന്നിവര്‍ അറിയിച്ചു.

യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധി നിര്‍ണയം നടത്തുവാന്‍ തയാറായ നിസ്വാര്‍ഥമതികളും ആദരണീയരുമായ എല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്കാരികവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാന്‍, ജോഷി പുലിക്കൂട്ടില്‍ എന്നിവരോടും യുക്മ സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം ജോര്‍ജ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്